കണ്ണൂര്‍ ചക്കരക്കല്ലില്‍ പൊലീസിനെ വട്ടം ചുറ്റിച്ച മോഷണക്കേസ് പ്രതി ഒടുവില്‍ പിടിയില്‍. 35 മോഷണക്കേസുകളില് പ്രതിയായ കാനച്ചേരി സ്വദേശി വിജേഷിനെയാണ് നാളുകളുടെ കാത്തിരിപ്പിനൊടുവില്‍ പൊലീസ് പിടികൂടിയത്. ഇയാളുടെ സഹായിയായ 17കാരനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. രഹസ്യ വിവരത്തെത്തുടര്‍ന്ന് വീട്ടില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഏറെ നാളായി പ്രവാസിയായിരുന്ന വിജീഷ് രണ്ട് വര്‍ഷം മുന്‍പ് നാട്ടിലെത്തിയതോടെയാണ് നാട്ടുകാര്‍ക്ക് തലവേദനയായി മോഷണം പതിവാക്കിയത്. വീടുകളില്‍ നിന്നു ക്ഷേത്രങ്ങളില്‍ നിന്നുമുള്ള സ്വര്‍ണം പണം എന്നിവക്ക് പുറമെ, വഴിയാത്രികരുടെ മാല പൊട്ടിച്ചും ലാപ്ടോപ്, മൊബൈല്‍ ഫോണ്‍ എന്നിവ മോഷ്‌ടിച്ചും ആയിരുന്നു വിജീഷിന്റെ വിളയാട്ടം. ഇതോടെ കണ്ണൂര്‍ ടൗണ്‍, എടക്കാട്, മയ്യില്‍, ചക്കരക്കല്‍ സ്റ്റേഷന്‍ പരിധികളിലായി 35 ഓളം മോഷണക്കേസുകളില്‍ പിടികിട്ടാപ്പുള്ളിയുമായി. മോഷണ മുതല്‍ വിറ്റു കിട്ടിയ പണം കൊണ്ട് ആഡംബര ജീവിതമായിരുന്നു രീതി.
ഏറെനാളായി തപ്പിനടന്ന വിജീഷ് വീട്ടിലുണ്ടെന്ന രഹസ്യ വിവരത്തെത്തുടര്‍ന്ന് ഇവിടെയെത്തിയാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഒപ്പമുള്ള പതിനേഴുകാരനെയും പിടികൂടി. വിജീഷിന്‍റെ മറ്റു സഹായികളെയും ഉടന്‍ പിടികൂടുമെന്നും പൊലീസ് വ്യക്തമാക്കി. തലശ്ശേരി സിജെഎം കോടതിയില്‍ ഹാജരാക്കിയ വിജീഷിനെ റിമാന്‍ഡ് ചെയ്തു.
