കര്‍ണ്ണാടകയില്‍ നിന്നു വിദേശ മദ്യവും പാൻ ഉത്പന്നങ്ങളും കൊണ്ടുവരുന്നതിനിടെ ഉത്തര്‍പ്രദേശ് സ്വദേശികളായ മൂന്നു പേര്‍ കാസര്‍ഗോഡ് എക്സൈസ് സംഘത്തിന്‍റെ പിടിയിലായി. ഇവരില്‍ നിന്ന് നാലായിരത്തോളം പാക്കറ്റ് പാൻ ഉത്പ്പന്നങ്ങളും 35 കുപ്പി വിദേശ മദ്യവും പിടിച്ചെടുത്തു.

യുപി സ്വദേശികളായ മുന്ന, വിനോദ്, അനില്‍കുമാര്‍ എന്നിവരാണ് പിടിയിലായത്. കെഎസ്ആര്‍ടിസി ബസിലാണ് ഇവര്‍ നിരോധത പാൻപരാഗും വിദേശമദ്യവും കാസര്‍ഗോട്ടേക്ക് കൊണ്ടുവന്നത്.
സ്വകാര്യ വാഹനങ്ങളില്‍ പരിശോധന ശക്തമായതോടെയാണ് സംഘം ഉത്പ്പന്നങ്ങള്‍ കൊണ്ടുവരുന്നത് കെഎസ്ആര്‍ടിസി ബസിലാക്കിയതെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

മംഗളൂരുവില്‍ നിന്നു കണ്ണൂരിലേക്ക് കടത്തുകയായിരുന്നു പാന്‍മസാലകളും മദ്യവുമെന്ന് പിടിയിലായവര്‍ എക്സൈസ് അധികൃതരോട് പറഞ്ഞു. കഴിഞ്ഞ ദിവസം നായന്‍മാര്‍ മൂലയില്‍ കാറില്‍ കടത്തുകയായിരുന്ന നിരോധിത പുയില ഉത്പ്പന്നങ്ങള്‍ പൊലീസും പിടിച്ചെടുത്തിരുന്നു.ഇത് മംഗളുരുവില്‍നിന്ന് മലപ്പുറത്തേക്കാണ് കൊണ്ടുവന്നിരുന്നത്. വടക്കൻ കേരളത്തിലെ വിവിധ ജില്ലകളിലേക്ക് മംഗളുരുവില്‍നിന്ന് നിരോധിത പുകയിലെ ഉത്പ്പന്നങ്ങള്‍ എത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് പൊലീസും എക്സൈസും പരിശോധന ശക്തമാക്കിയത്.