ആലുവയില്‍ കഞ്ചാവ് വില്‍പ്പനക്കാരനെ നാട്ടുകാരും പൊലീസും ചേര്‍ന്ന് ഓടിച്ചിട്ട് പിടികൂടി. അരക്കിലോ കഞ്ചാവ് ഇയാളില്‍ നിന്ന് കണ്ടെടുത്തു. സ്കൂള്‍ വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ടായിരുന്നു കഞ്ചാവ് എത്തിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.
ആലുവയില്‍ കഞ്ചാവ് വില്‍പ്പന കൂടുതലാണെന്ന പരാതിയെത്തുടര്‍ന്ന് ഷാഡോ പൊലീസിന്‍റെ നിയന്ത്രണം ശക്തമായിരുന്നു. ഈ പരിശോധനയിലാണ് ആലുവ ആലങ്കാട് സ്വദേശി നിഖില്‍ ജോണ്‍ പിടിയിലായത്. ബൈക്കില്‍ വന്ന നിഖിലിനെ ആലുവ പാലസിന് മുന്നില്‍ വച്ച് പൊലീസ് തടഞ്ഞു. പിടിക്കുമെന്നായപ്പോള്‍ നിഖില്‍ അടുത്ത ഇടവഴിയിലേക്ക് ഇറങ്ങിയോടി. കള്ളന്‍, കള്ളന്‍ എന്ന് വിളിച്ച് പൊലീസ് പുറകേയോടിയതോടെ ഇടവഴിയിലുണ്ടായിരുന്ന നാട്ടുകാര്‍ നിഖിലിനെ കീഴ്പ്പെടുത്തുകയായിരുന്നു.
520- ഗ്രാം ഇയാളില്‍ നിന്ന് കണ്ടെടുത്തു. സഞ്ചിയിലെ ബാഗില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. പ്രദേശത്തെ സ്കൂള്‍, കൊളേജ് വിദ്യാര്‍ത്ഥികളെ ല്ക്ഷ്യമിട്ടാണ് നിഖില്‍ കഞ്ചാവ് എത്തിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. ബംഗലുരുവില്‍ നിന്നാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് ഇയാള്‍ പൊലീസിന് മൊഴി നല്‍കി. കഞ്ചാവ് കൈവശം വച്ചതിന് നിഖില്‍ മുന്പും പൊലീസ് പടിയിലായിട്ടുണ്ട്.
