സിനിമ തീയറ്റർ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തുന്ന സംഘത്തിന്റെ ഇടനിലക്കാരൻ കൊച്ചിയിൽ പിടിയിൽ. തിരൂർ സ്വദേശി മുഹമ്മദാലിയാണ് കൊച്ചി മറൈൻ‍ ഡ്രൈവിൽ പിടിയിലായത്. ഇയാളിൽ നിന്ന് എട്ടുകിലോ കഞ്ചാവും പൊലീസ് പിടിച്ചെടുത്തു.

മറൈൻ ഡ്രൈവിലെ സിനിമ തീയറ്റിൽ കഞ്ചാവ് വിൽപ്പന നടത്തുന്നതിനിടെയാണ് എക്സൈസ് സംഘം പ്രതിയെ പിടികൂടിയത്. എന്നാൽ ഇയാൾക്കൊപ്പം ഉണ്ടായിരുന്ന മറ്റ് രണ്ട് പേർ ഓടി രക്ഷപ്പെട്ടു.

തിരൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കഞ്ചാവ് ലോബിയുടെ മുഖ്യ ഇടനിലക്കാരനാണ് ഇയാളെന്ന് പൊലീസ് പറ‌ഞ്ഞു. തമിഴ്‍നാട്ടിൽ നിന്ന് വൻതോതിൽ കഞ്ചാവ് എത്തിച്ച് കച്ചവടം നടത്തുന്നതാണ് സംഘത്തിന്റെ രീതി.

തേനിയിൽ സ്ഥിരതാമസമാക്കിയ മുഹമ്മദാലി ഇടപാട് നടത്താൻ മാത്രമാണ് കേരളത്തിൽ എത്തുക. ആദ്യം തിരൂരിൽ എത്തിച്ച ശേഷം മറ്റിടങ്ങളിലേക്ക് കഞ്ചാവ് കയറ്റി അയക്കും. ഒരു കിലോയ്ക്ക് 30,000 രൂപ നിരക്കിൽ ആണ് ഇവർ വിൽപ്പന നടത്തിയിരുന്നതെന്നും പൊലീസ് പറയുന്നു. മുൻപും മയക്കുമരുന്ന് കേസിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള ആളാണ് മുഹമ്മദാലി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‍തു. ഒളിവിൽ പോയ പ്രതികൾക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.