ഡിസിസി ഓഫീസിന് മുന്നിലെ ശവപ്പെട്ടി  കെ.എസ്.യു പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കൊച്ചി: എറണാകുളം ഡിസിസി ഓഫീസിനുമുന്നിൽ ശവപ്പെട്ടിയും റീത്തും വച്ചവര്‍ അറസ്റ്റില്‍. മൂന്ന് കെ.എസ്.യു. സംസ്ഥാന നേതാക്കളാണ് അറസ്റ്റിലായത്. ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലയ്ക്കുമെതിരെയായിരുന്നു പ്രതിഷേധം.

രണ്ട് കെ എസ് യു നേതാക്കൾ വടുതലയിലെ കടയിൽ നിന്ന് ശവപ്പെട്ടിയും റീത്തും വാങ്ങുന്ന ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. കെ എസ് യു മുൻ സംസ്ഥാന സെക്രട്ടറിയും കോതമംഗലം സ്വദേശിയായ കെ എസ് യു നേതാവും അടക്കം 4 പേരെ ദൃശ്യങ്ങളിൽ കാണാം. ഇവരെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് വിളിപ്പിച്ചിട്ടുണ്ട്. 

രാജ്യസഭാ സീറ്റിനെച്ചൊല്ലി കോൺഗ്രസിലെ പടലപ്പിണക്കം കത്തി നിൽക്കെ ഇക്കഴിഞ്ഞ ഒൻപതിന് രാവിലെയാണ് എറണാകുളം ഡി സിസി ഓഫീസിനുമുന്നിൽ ശവപ്പെട്ടിയും റീത്തും കാണപ്പെട്ടത്. ഉമ്മൻ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും ചിത്രങ്ങളും ഇതോടൊപ്പം ഉണ്ടായിരുന്നു. തൊട്ടു തലേന്ന് രാത്രി പതിനൊന്നുമണിക്ക് വടുതലയിലെ ഒരു കടയിൽ നിന്ന് ശവപ്പെട്ടിയും റീത്തും വാങ്ങുന്ന സിസി ടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

മുൻ കെ എസ് യു സംസ്ഥാന സെക്രട്ടറിയും കോതമംഗലം സ്വദേശിയായ മറ്റൊരു കെ എസ് യു നേതാവും അടക്കം നാലുപേരെ ദൃശ്യങ്ങളിൽ കാണാം.ഏതാണ്ട് ഇരുപത് മിനിറ്റോളം ഇവർ കടയിൽ ചെലവഴിച്ചു. സിസി ടിവി ദൃശ്യങ്ങൾ കിട്ടിയതായി എറണാകുളം സെൻട്രൽ പൊലീസും സ്ഥിരീകരിച്ചു. കെ എസ് യു നേതാക്കളടക്കം സംശയിക്കുന്നവരെ ചോദ്യം ചെയ്യുന്നതിനായി വിളിപ്പിച്ചിട്ടുണ്ട്.