ചാലക്കുടി പോട്ട ദേശീയ പാതയിൽ കാർ അപകടമുണ്ടാക്കി അര കിലോ സ്വർണം കവര്‍ന്ന കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ഒളിവിലുളള മറ്റ് ഒമ്പത് പ്രതികള്‍ക്കായുളള തെരച്ചില്‍ ഊര്‍ജ്ജിതം.
തൃശ്ശൂര്‍: ചാലക്കുടി പോട്ട ദേശീയ പാതയിൽ കാർ അപകടമുണ്ടാക്കി അര കിലോ സ്വർണം കവര്‍ന്ന കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ഒളിവിലുളള മറ്റ് ഒമ്പത് പ്രതികള്‍ക്കായുളള തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി ചാലക്കുടി പൊലീസ് അറിയിച്ചു.
കൊടുവള്ളി സ്വദേശികളായ ഉവൈസും അർഷാദും നെടുമ്പാശേരിയിൽ നിന്ന് കൊടുവള്ളിയിലേക്ക് കാറിൽ കൊണ്ടുപോവുകയായിരുന്ന സ്വർണം കവര്‍ന്ന കേസിലാണ് ചാവക്കാട് സ്വദേശികളായ ഫവാദും ഹബീലും അറസ്റ്റിലായത്.ചാലകുടി ഡിവൈഎസ്പി സി ആര്‍ സന്തോഷിൻറെ നേതൃത്വത്തില്‍ പൊലീസ് സംഘം തമിഴ്നാട്ടിലും കര്‍ണാടകയിലും ഒരാഴ്ചയോളം ക്യാമ്പ് ചെയ്താണ് പ്രതികളെ കുറിച്ച് വിവരങ്ങള്‍ ശേഖരിച്ചത്. കൊടൈക്കനാലിലും പരിസരത്തും കുറച്ച് ചെറുപ്പക്കാര്‍ സംശയകരമായ സാഹചര്യത്തില്‍ കറങ്ങി നടന്നിരുന്നതായും ഇവര്‍ ഹോട്ടലില്‍ മുറിയെടുതതിരുന്നില്ലെന്നും പൊലീസ് കണ്ടെത്തി. തുടര്‍ന്ന് പ്രതികള്‍ ചാവക്കാടുണ്ടെന്ന് അറിഞ്ഞത്തിയ അന്വേഷണസംഘം അവരെ പിടികൂടുകയായിരുന്നു. മറ്റ് ഒമ്പത് പേര്‍ കൂടി സംഘത്തില്‍ ഉണ്ടെന്ന് പ്രതികള്‍ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി.
കഴിഞ്ഞ 15നാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. ഇന്നോവയിലെത്തിയ പ്രതികള്‍ സ്വര്‍ണവുമായി പോവുകയായിരുന്ന കാറില്‍ മനപൂര്ർവ്വം ഇടിച്ച് അപകടമുണ്ടാക്കിയാണ് കവര്‍ച്ച നടത്തിയത്. കാറില്‍ സ്വര്‍ണമുണ്ടെന്ന് വിവരം കിട്ടിയതിനെ തുടര്‍ന്ന് പ്രതികള്‍ നെടുമ്പാശ്ശേരി മുതല്‍ പിന്തുടര്‍ന്നുവരികയായിരുന്നു. തൃശൂര്‍ ജില്ലയിലെ വിവിധ ഗുണ്ടാസംഘങ്ങളെ ഏകോപിപ്പിച്ചാണ് കവര്‍ച്ച നടത്തിയത്.
