മലപ്പുറത്ത് മര്‍ദ്ദനമേറ്റ് മധ്യവയസ്കൻ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്ഐ നേതാവടക്കം അഞ്ച് പ്രതികള്‍ പിടിയില്‍. ഡിവൈഎഫ്ഐ കോട്ടക്കല്‍ ബ്ലോക്ക് സെക്രട്ടറിയുമായ അബ്ദുള്‍ ജബ്ബാര്‍, സുഹൃത്തുക്കളായ നൗഫല്‍, അസ്കർ, മൊയ്തീന്‍ ഷാ, ഹക്കീം എന്നിവരാണ് പിടിയിലായത്.
മലപ്പുറം: വേങ്ങരക്ക് സമീപം പറപ്പൂരില്‍ മര്‍ദ്ദനമേറ്റ് മധ്യവയസ്കൻ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്ഐ നേതാവടക്കം അഞ്ച് പ്രതികള്‍ പിടിയില്‍. പറപ്പൂര്‍ സ്വദേശിയും ഡിവൈഎഫ്ഐ കോട്ടക്കല്‍ ബ്ലോക്ക് സെക്രട്ടറിയുമായ അബ്ദുള്‍ ജബ്ബാര്‍, സുഹൃത്തുക്കളായ നൗഫല്‍, അസ്കർ, മൊയ്തീന്‍ ഷാ, ഹക്കീം എന്നിവരാണ് പിടിയിലായത്. ചുമട്ടുതൊഴിലാളിയായ പൂവലവളപ്പില്‍ കോയ കൊല്ലപ്പെട്ട സംഭവം മലപ്പുറം ഡിവൈഎസ്പി ജലീല്‍ തോട്ടത്തിലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
പറപ്പൂര്‍ ജംഗ്ഷനില്‍ ലോറി നിര്‍ത്തിയിടുന്നതിനെച്ചൊല്ലി വ്യാഴാഴ്ചയുണ്ടായ തര്‍ക്കമാണ് സംഭവങ്ങളുടെ തുടക്കം. യൂസഫ് എന്നയാളുടെ കടയിലേക്ക് കാലിത്തീറ്റയുമായി എത്തിയതായിരുന്നു ലോറി. ഗതാഗത തടസ്സമുണ്ടാക്കുന്നുവെന്നും മാറ്റിയിടണമെന്നും ജബ്ബാറും സുഹൃത്തുക്കളും ആവശ്യപ്പെട്ടു. കാലിത്തീറ്റ ചാക്ക് ഇറക്കിക്കൊണ്ടിരുന്ന കോയ ഇതിലിടപെടുകയും ജബ്ബാറും കൂട്ടരുമായി വാക്കുതര്‍ക്കമുണ്ടാവുകയായിരുന്നു.
ഇന്നലെ രാവിലെ 10 മണിയോടെ യൂസഫിന്‍റെ കടക്ക് മുന്നിലിരിക്കുകയായിരുന്ന കോയയെ ജബ്ബാറിന്‍റെ നേതൃത്വത്തിലെത്തിയ സംഘം മര്‍ദ്ദിക്കുകയായിരുന്നു. ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റ കോയ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍വെച്ചാണ് മരിച്ചത്. കോയയെ മര്‍ദ്ദിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ സമീപത്തെ കടയില്‍ നിന്ന് പൊലീസിന് ലഭിച്ചു.
