ആയുധവുമായി പ്രതികളിലൊരാള്‍ പൊലീസുകാരെ മര്‍ദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. മണ്‍വെട്ടി ഉപയോഗിച്ച് ഇയാള്‍ പൊലീസുകാരെ പിന്നില്‍നിന്ന് തലയ്ക്ക് അടിച്ചാണ് ബോധരഹിതരാക്കിയത്. 

ഭോപ്പാല്‍: പൊലീസുകാരെ മര്‍ദ്ദിച്ചും പൊലീസ് സ്റ്റേഷന്‍ തകര്‍ത്തും രക്ഷപ്പെട്ട പ്രതികളെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി. രണ്ട് പൊലീസുകാരെ മര്‍ദ്ദിച്ച് അബോധാവസ്ഥയിലാക്കിയാണ് മധ്യപ്രദേശിലെ പൊലീസ് സ്റ്റേഷനില്‍നിന്ന് പ്രതികള്‍ രക്ഷപ്പെട്ടത്. ആയുധവുമായി പ്രതികളിലൊരാള്‍ പൊലീസുകാരെ മര്‍ദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. മണ്‍വെട്ടി ഉപയോഗിച്ച് ഇയാള്‍ പൊലീസുകാരെ പിന്നില്‍നിന്ന് തലയ്ക്ക് അടിച്ചാണ് ബോധരഹിതരാക്കിയത്. 

പൊലീസുകാര്‍ ഇരുവരും മേശയ്ക്ക് മുന്നില്‍ ഇരിക്കുകയായിരുന്നു. ഒരു പൊലീസുകാരന്‍ അടിയേറ്റ ഉടന്‍ തന്നെ കുഴഞ്ഞു വീണു. മറ്റൊരാള്‍ അക്രമിയെ തടുക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും മര്‍ദ്ദനമേറ്റ് നിലത്ത് വീഴുകയായിരുന്നു. പൊലീസുകാരിലൊരാള്‍ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 25 കാരനായ വിഷ്ണു രജാവത് ആണ് പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചത്. 

വിഷ്ണുവിനെയും സുഹൃത്ത് മന്‍സിംഗിനെയും ഞായറാഴ്ചട അറസ്റ്റ് ചെയ്തിരുന്നു. ലോക്ക് അപ്പില്‍ അടയ്ക്കുന്നതിന് പകരം ഇരുവരെയും പൊലീസ് സ്റ്റേഷന്‍റെ പുറത്ത് ഇരുത്തുകയായിരുന്നു. പിന്നീട് നിമിഷങ്ങള്‍ക്കുള്ളില്‍ വിഷ്ണു പൊലീസുകാരെ ആക്രമിക്കുകയും ഇരുവരും രക്ഷപ്പെടുകയും ചെയ്തു. ഞായറാഴ്ച രാത്രിയോടെയാണ് രക്ഷപ്പെട്ട ഇരുവരെയും പിടികൂടിയത്.