ടെക്സസ്: ഭരണം മാത്രമല്ല കലയും തനിയ്ക്ക് അന്യമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ടെക്‌സസില്‍ ഒരു സന്നദ്ധ സംഘടന സംഘടിപ്പിച്ച ലേലത്തിലെ ചിത്രങ്ങളില്‍ ഒന്നില്‍ സൂക്ഷിച്ച് നോക്കിയാല്‍ കാണാം ട്രംപ് എന്ന പേര്. ചിത്രം വരയ്ക്കുന്നതും അനായാസമെന്ന് തെളിയിച്ചിരിക്കുകയാണ് ട്രംപ്. അമേരിക്കയുടെ സാമ്പത്തിക സാംസ്‌കാരിക കേന്ദ്രമായ മാല്‍ഹാട്ടന്‍ നഗരത്തിന്റെ സ്‌കൈലൈന്‍ ചിത്രം വരച്ചാണ് കലാലോകവുമായും അത്ര മോശം ബന്ധമല്ല തനിക്കെന്ന് ട്രംപ് വ്യക്തമാക്കിയത്. 

കറുത്ത മാര്‍ക്കര്‍ പേനയില്‍ വരച്ച ചിത്രത്തില്‍ അടിയില്‍ സുവര്‍ണ്ണ നിറത്തില്‍ പ്രസിഡന്റിന്റെ ഒപ്പും രേഖപ്പെടുത്തിയിരിക്കുന്നു. മാന്‍ഹാട്ടന്‍ ഭൂമികയില്‍ ചെറിയ മാറ്റങ്ങളും ചിത്രകാരന്‍ ട്രംപ് വരുത്തി. വാള്‍ സട്രീറ്റ് ഇടം പിടിക്കുന്നില്ലെങ്കിലും ഇപ്പോഴത്തെ അധികാരകേന്ദ്രങ്ങളില്‍ ശദ്ധാകേന്ദ്രമായ ട്രംപ് ടവര്‍ ചിത്രത്തിന്റെ മധ്യഭാഗത്ത് ഇടം പിടിച്ചു. ഒരു സന്നദ്ധ സംഘടനയുടെ ചടങ്ങിലാണ് പ്രസിഡന്റ് ചിത്രം വരച്ച് നല്‍കിയത്. 10,000 ഡോളര്‍ അടിസ്ഥാന വില ഇട്ടിരിക്കുന്ന ചിത്രം ടെകസ്സാസില്‍ ഡിസംബര്‍ രണ്ടിന് ലേലത്തിന് വയ്ക്കും.

ട്രംപിന്റെ ചിത്രത്തിനൊപ്പം മുന്‍ പ്രസിഡന്റ് ജോണ്‍ എഫ് കെന്നടി വരച്ച എണ്ണഛായ ചിത്രവും ആരാധകര്‍ക്ക് ലേലത്തിലൂടെ സ്വന്തമാക്കാം. പ്രസിഡന്റ് എബ്രഹാം ലിങ്കണിന്റെ അന്ത്യകര്‍മ്മങ്ങള്‍ക്ക് ആദരം ഏകിയ ബ്യൂഗിളും ടെക്‌സാസ് ലേലത്തിന് ഉണ്ട്.