ബംഗളൂരിലെ ആശ്രമത്തിൽനിന്നുമാണ് ഒമ്പതര കോടി രൂപയുടെ ആവശ്യവസ്തുക്കളടങ്ങിയ 60 ട്രക്കുകൾ ദുരിതാശ്വാസത്തിനായി കേരളത്തിലേക്ക് അയച്ചത്. കേരളത്തിന്റെ വിവിധ ജില്ലകളിൽനിന്ന് പ്രളയബാധിത പ്രദേശങ്ങളിൽ ദിവസേന അയച്ചുകൊണ്ടിരിക്കുന്ന ആവശ്യവസ്തുക്കൾക്ക് പുറമെയാണിത്.   

ബംഗളൂരു: മഹാപ്രളയത്തിൽ ദുരിതമനുഭവിക്കുന്ന കേരളത്തിന് ഒമ്പതര കോടി രൂപയുടെ അവശ്യവസ്തുക്കൾ അയച്ച് ആര്‍ട് ഓഫ് ലിവിങ്ങ്. ബംഗളൂരിലെ ആശ്രമത്തിൽനിന്നുമാണ് ഒമ്പതര കോടി രൂപയുടെ ആവശ്യവസ്തുക്കളടങ്ങിയ 60 ട്രക്കുകൾ ദുരിതാശ്വാസത്തിനായി കേരളത്തിലേക്ക് അയച്ചത്. കേരളത്തിന്റെ വിവിധ ജില്ലകളിൽനിന്ന് പ്രളയബാധിത പ്രദേശങ്ങളിൽ ദിവസേന അയച്ചുകൊണ്ടിരിക്കുന്ന ആവശ്യവസ്തുക്കൾക്ക് പുറമെയാണിത്.

ബംഗളൂരു, ചെന്നൈ, ഹൈദരബാദ്, നാഗ്പ്പൂർ തുടങ്ങിയ ആർട് ഓഫ് ലിവിംഗ് കേന്ദ്രങ്ങളിൽനിന്ന് വസ്ത്രങ്ങൾ, മരുന്നുകൾ, ഭക്ഷണം, വെള്ളം, ശുചീകരണ സാമഗ്രികൾ കുളിക്കാനാവശ്യമായ വസ്തുക്കള്‍ തുടങ്ങിയവ ബംഗളൂരു ആശ്രമത്തിൽ ആരംഭിച്ച "കെയർ ഫോർ കേരള ദുരിതാശ്വാസ സംഭരണ കേന്ദ്ര"ത്തിൽ എത്തിക്കും. തുടർന്ന് അവിടെവച്ച് പാക്കുകളാക്കി കേരളത്തിലേക്ക് അയക്കും. ആവശ്യ സാധനങ്ങളടങ്ങിയ കൂടുതൽ ലോഡുകൾ ഈ ആഴ്ച്ചതന്നെ ബംഗളൂരു ആശ്രമത്തിൽനിന്ന് വീണ്ടും കേരളത്തിലെത്തുമെന്നും ആർട് ഓഫ് ലിവിംഗ് അധികൃതർ അറിയിച്ചതായി ആര്‍ട് ഓഫ് ലിവിംഗ് സംസ്ഥാന മീഡിയ കോര്‍ഡിനേറ്റര്‍ ദിവാകരന്‍ ചോമ്പാല പറഞ്ഞു.

നിലവില്‍ ബംഗളൂരു വ്യക്തി വികാസ കേന്ദ്രയിലെ ആയിരം യുവാചാര്യന്മാർ പ്രളയ ബാധിത മേഖലകളിൽ ഷിഫ്റ്റ് അടിസ്ഥാനത്തിൽ സന്നദ്ധപ്രവർത്തനം നടത്തിക്കൊണ്ടിരിക്കുകയാണ്. ആർട് ഓഫ് ലിവിംഗിന്‍റെ നേതൃത്വത്തില്‍ ആവശ്യമായ സ്ഥലങ്ങളിലെല്ലാം ട്രോമാ റിലീഫ് വർക്കുമായി ബന്ധപ്പെട്ട് നിരവധി പേർ സേവനമനുഷ്ടിച്ചുവരുന്നുണ്ടെന്നും അദേഹം വ്യക്തമാക്കി.