Asianet News MalayalamAsianet News Malayalam

കേന്ദ്രസര്‍ക്കാര്‍ ദുരന്തത്തില്‍ രാഷ്ട്രീയം കളിക്കരുതെന്ന് ആര്‍എസ്എസ് മുഖപത്രം

ചെങ്ങന്നൂരും ആറന്മുളയും അടക്കം സംഘപുത്രന്‍മാര്‍ ഏറെയുള്ള പ്രദേശങ്ങളിലാണ് പ്രളയം ഏറ്റവും നാശം വിതച്ചിരിക്കുന്നത്. നല്ലൊരു ശതമാനം സംഘപുത്രന്‍മാര്‍ ഈ ദുരന്തത്തില്‍പ്പെട്ട് പോയിട്ടുമുണ്ട്. 

Article against central govt in rss mouth piece
Author
Kozhikode, First Published Aug 22, 2018, 5:05 PM IST

കോഴിക്കോട്: പ്രളയദുരന്തം നേരിടുന്ന കേരളത്തെ കേന്ദ്രസർക്കാർ അവഗണിക്കുകയാണെന്നും കേന്ദ്ര നേതൃത്വത്തിന്‍റെ വികട നയത്തിനെതിരെ എല്ലാവരും പ്രതികരണിക്കണമെന്നും കേസരി വെബ്സൈറ്റിലെ മുഖലേഖനം ആവശ്യപ്പെടുന്നു.

ഇത്രയും നാളും വിശ്വസിച്ച പ്രസ്ഥാനം മലയാളികളോട് കാണിക്കുന്ന അവഗണന ഇനിയും തുറന്നു പറഞ്ഞില്ലെങ്കിൽ അത് ആത്മവഞ്ചനയാകും. അത് പ്രവര്‍ത്തകരോടും കേരളത്തോടും ഞങ്ങളോടുതന്നെയും ചെയ്യുന്ന വഞ്ചനയാകുമെന്ന് ആർഎസ്എസ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുന്ന ലേഖനത്തിലുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയനെ ലേഖനത്തിൽ പ്രകീർത്തിക്കുന്നു. ദുരന്തങ്ങളെ ദുരന്തങ്ങളായി കാണുകയും രാഷ്ട്രീയമാനം നൽകാതിരിക്കുകയും വേണമെന്ന നിലപാടാണ് ആർഎസ്എസിനെ ശത്രുക്കളെപ്പോലെ കണ്ടിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ചത്. കേന്ദ്രത്തിൽ നിന്നും എല്ലാ സഹായവും കേരളത്തിന് കിട്ടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ആ രാഷ്ട്രീയ മര്യാദ ദുരന്തമുഖത്ത് നിൽക്കുന്പോള്‍ തിരിച്ചു നൽകേണ്ടതുണ്ട്. പ്രളയത്തിനും പ്രകൃതിക്കും രാഷ്ട്രീയ വ്യത്യാസങ്ങളില്ല, ചെങ്ങന്നൂരും ആറൻമുളയും അടക്കം സംഘപുത്രമാർ ഏറെയുള്ള പ്രദേശങ്ങളിലാണ് പ്രളയം ഏറ്റവും നാശം വിതച്ചത്. അത് ആർഎസ്എസ് കേന്ദ്രത്തെ ധരിപ്പിച്ചെങ്കിലും രാഷ്ട്രീയ നേട്ടങ്ങൾക്കുവേണ്ടി കേരളത്തെ ഒന്നാകെ ശിക്ഷിക്കുകയാണ് കേന്ദ്രം ചെയ്യുന്നതെന്ന് ലേഖനം കുറ്റപ്പെടുത്തുന്നു.

എന്നാൽ ലേഖനം വിവാദമായതോടെ ഇത് കേസരിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും അപ്രത്യക്ഷമായി.  വൈബ്സൈറ്റിൽ ആരോ നുഴഞ്ഞുകയറി എഴുതിയ ലേഖനമാണെന്നും അതിന് പത്രാധിമസമിതിയുമായി ബന്ധമില്ലെന്നും വിശദീകരണക്കുറിപ്പും വന്നു. വിശദീകരണം തേടി കേസരിയുടെ എഡിറ്റർ എൻ.ആർ.മധുവിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച്ഡ് ഓഫ് ആണ്.

കേസരിയിൽ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിന്‍റെ പൂർണ്ണരൂപം

പ്രിയ സംഘമിത്രങ്ങളെ നമസ്കാരം...

വളരെ മാനസികപ്രയാസം അനുഭവിച്ചു കൊണ്ടാണ് കേസരി പത്രാധിപര്‍ ഇന്ന് ഈ കുറിപ്പ് ഇവിടെ ഇടുന്നത്. ഇത്രയുംനാള്‍ നമ്മള്‍ വിശ്വസിച്ച പ്രസ്ഥാനം നമ്മള്‍ മലയാളികളോട് കാണിക്കുന്ന അവഗണന ഇനിയും തുറന്നു പറഞ്ഞില്ല എങ്കില്‍ അത് ആത്മവഞ്ചനയാകും. ഞങ്ങള്‍ നിങ്ങളോടും കേരളത്തോടും ഞങ്ങളോടു തന്നെയും ചെയ്യുന്ന ആത്മവഞ്ചന.

കേരളം ഇന്ന് ഒരു കടുത്ത പ്രകൃതി ദുരന്തത്തിലൂടെ കടന്നു പോവുകയാണെന്ന് നമ്മുക്കേവര്‍ക്കും അറിയാവുന്ന കാര്യമാണ്. കക്ഷിരാഷ്ട്രീയഭേദമന്യേ ഓരോ മലയാളികളും തങ്ങളാല്‍ ആകുന്ന വിധം പിറന്ന നാടിനെ സേവിക്കാനുള്ള അവസരം സംജ്ജാതമായിരിക്കുന്നു. അതാണ് നമ്മുടെ കര്‍മ്മവും. പെറ്റമ്മയും പിറന്ന നാടും സ്വര്‍ഗത്തേക്കാള്‍ മഹത്തരം എന്നാണ് ആചാര്യന്‍മാര്‍ നമ്മളെ പറഞ്ഞു പഠിപ്പിച്ചിരിക്കുന്നത്. 

നമ്മുക്കേവര്‍ക്കും അറിയാവുന്നതു പോലെ പ്രളയത്തിനു പ്രകൃതിക്കു രാഷ്ട്രീയവ്യത്യാസങ്ങളില്ല, ചെങ്ങന്നൂരും ആറന്മുളയും അടക്കം സംഘപുത്രന്‍മാര്‍ ഏറെയുള്ള പ്രദേശങ്ങളിലാണ് പ്രളയം ഏറ്റവും നാശം വിതച്ചിരിക്കുന്നത്. നല്ലൊരു ശതമാനം സംഘപുത്രന്‍മാര്‍ ഈ ദുരന്തത്തില്‍പ്പെട്ട് പോയിട്ടുമുണ്ട്. 

അതു നമ്മുടെ സംസ്ഥാന കേന്ദ്ര നേതൃത്വങ്ങളെ യഥാസമയം ധരിപ്പിച്ചിട്ടുമുണ്ട്. എന്നിരുന്നാലും കേവലം ചില രാഷ്ട്രീയ നേട്ടങ്ങൾക്കു വേണ്ടി അവർ കേരളത്തെ ഒന്നാകെ ശിക്ഷിക്കുകയാണ് ഇപ്പോൾ. അത് ആശാസ്യമല്ല. കേരളമില്ല എങ്കിൽ നീയും ഞാനും അടക്കം നമ്മളാരുമില്ല, ഭാരതം എന്ന വികാരത്തൊടൊപ്പം തന്നെ ഓരോ സംഘപുത്രനും നെഞ്ചിൽ ഊറ്റം കൊള്ളേണ്ട ഒരു വികാരമാണ് കേരളം എന്നതും. കേരളീയരായിപ്പോയി എന്ന കാരണത്താൽ മാറ്റിനിർത്തപ്പെടേണ്ടവരല്ല, കേരളത്തിലെ ദുരിതബാധിതർ. രാജ്യത്തെ ബാക്കി ഉള്ള എല്ലാ സംസ്ഥാനങ്ങളിൽ ഉള്ള അതേ അവകാശങ്ങൾ നമ്മൾ കേരളീയർക്കുമുണ്ട്.

ദുരന്തങ്ങളെ ദുരന്തങ്ങളായി തന്നെ കണ്ടു അതിനു പരിഹാരക്രിയകൾ ചെയ്യേണ്ടതുണ്ട്. അതിനൊരിക്കലും രാഷ്ട്രീയമാനം നൽകേണ്ടതില്ല. വ്യത്യസ്ത രാഷ്ര്ടീയ ചേരികളിൽ നിന്ന് ശത്രുക്കളെപ്പോലെ നമ്മളെ കണ്ടിരുന്ന മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ ഉൾപ്പെടെ ദുരിതാശ്വാസത്തിന്‍റെ ആദ്യ ഘട്ടങ്ങളിൽ പറഞ്ഞത് കേന്ദ്രത്തിൽ നിന്നും സംസ്ഥാന സർക്കാരിന് ആവശ്യമായ എല്ലാ സഹകരണങ്ങളും കിട്ടുന്നുണ്ട് എന്ന് ആയിരുന്നു. ആ ഒരു രാഷ്ട്രീയ മര്യാദയാണ് ദുരന്തമുഖത്തു നാം അവർക്കു തിരിച്ചു നൽകേണ്ടതും. ദുരന്തത്തിൽ രാഷ്ട്രീയം കളിച്ചാൽ നാളെ നമുക്കും ഇതുപോലെ ഒരു ദുരവസ്ഥ ഉണ്ടായിക്കൊള്ളില്ല എന്ന് ആര് കണ്ടു??

അതുകൊണ്ടു തന്നെ ഈ ഒരു അവസരത്തിൽ കേന്ദ്രനേതൃത്വത്തിന്‍റെ വികടനയത്തിനെതിരെ, കേരളത്തിന്‍റെ രക്ഷയെക്കരുതി നാം ഓരോരുത്തരും പ്രതികരിക്കേണ്ടതുണ്ട്, അല്ലെങ്കിൽ നാളെ വരുന്ന തലമുറകളോട് നമുക്കു പറയുവാൻ ഉത്തരങ്ങളില്ലാതെ വരും.
 

 

Follow Us:
Download App:
  • android
  • ios