ദില്ലി: സീറോ മലബാർ സഭയിലെ ഭൂമി കച്ചവടത്തിലെ വീഴ്ചകൾ അക്കമിട്ട് നിരത്തുന്ന വാർത്തകൾ കപ്പൂച്ചിൻ സഭയുടെ ഔദ്യോഗിക മാഗസിനിൽ നിന്ന് പിൻവലിച്ചു. ദില്ലി പ്രൊവിൻസ് പുറത്തിറക്കുന്ന ഇന്ത്യൻ കറന്‍റ്സ് എന്ന വാരികയിൽ നിന്നാണ് മുഖപ്രസംഗം അടക്കമുള്ള ലേഖനങ്ങൾ നീക്കിയത്. വാർത്ത നീക്കിയതിനെതിരെ മാഗസിന്റെ ചീഫ് എഡിറ്റർ അടക്കമുള്ളവർ രംഗത്തെത്തി.
അടുത്താഴ്ച പുറത്തിറങ്ങാനിരുന്ന ഇന്ത്യൻ കറന്‍റ്സ് വാരികയുടെ കവർ പേജ് കൈകാര്യം ചെയ്യാനിരുന്നത് ' കാർഡിനൽ സിൻ ' എന്ന പേരിൽ സിറോ മലബാർ സഭയിലെ ഭൂമി വിവാദവമായിരുന്നു. പക്ഷെ അവസാനനിമിഷം വാരിക അടിമുടി മാറി, മഹാരാഷ്ട്രയിലെ കലാപങ്ങൾ കവർ സ്റ്റോറിയായി.
വിശുദ്ധ പുരുഷന്മാരുടെ അവിശുദ്ധ ഇടപാടുകൾ എന്ന തലക്കെട്ടിൽ വാരികയുടെ എഡിറ്ററായ ഫാ. സുരേഷ് മാത്യുവിന്‍റേതായിരുന്നു പ്രധാന ലേഖനം. കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയെയും ഭൂമി ഇടപാടിൽ ഉൾപ്പെട്ട വൈദികരുടെ വീഴ്ചകളെയും വിമർശിക്കുന്നതായിരുന്നു മറ്റ് ലേഖനങ്ങൾ. കത്തോലിക്കാ സഭയിലെ തർക്കങ്ങളും വിവാദങ്ങളും മുൻപും വാരിക മുഖ്യവിഷയമാക്കിയിട്ടുണ്ട്. 30 വർഷം മുമ്പാണ് ദേശീയതലത്തിൽ ഇന്ത്യൻ കറന്‍റസ് എന്ന വാരിക അഖിലേന്ത്യാ കത്തോലിക്കാ മെത്രാൻ സമിതി തുടങ്ങിയത്.
