അന്തരിച്ച ചിത്രകാരൻ അശാന്തന്‍റെ ചിത്രങ്ങളുടെ പ്രദര്‍ശനം 'ശാന്തസ്‌മരണ' ദർബാർ ഹാളില്‍ ആരംഭിച്ചു സംഘടിപ്പിക്കുന്നത് കേരള ലളിതകലാ അക്കാദമി
കൊച്ചി: അകാലത്തിൽ വിടപറഞ്ഞ പ്രശസ്ത ചിത്രകാരൻ അശാന്തനോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ പ്രദര്ശനം 'ശാന്തസ്മരണ' ദർബാർ ഹാളില് ആരംഭിച്ചു. കേരള ലളിതകലാ അക്കാദമിയാണ് പ്രദര്ശനം സംഘടിപ്പിക്കുന്നത്.
അശാന്തന് (മഹേഷ്) പല കാലങ്ങളിലായി വരച്ച 57 ചിത്രങ്ങളാണ് പ്രദര്ശനത്തിനുള്ളത്. അടിക്കുറിപ്പോ വരച്ച കാലമോ രേഖപ്പെടുത്താത്ത ചിത്രങ്ങളാണ് അധികവും.

പാര്ശ്വവല്ക്കരിക്കപ്പെട്ടവന്റെ ജീവിതവും വേദനയും തുടിക്കുന്നവയാണ് അവയില് ഏറെയും. നാടന് കലകളായ തുടിപ്പാട്ട്, മുടിയാട്ടം തുടങ്ങിയവയെ പ്രമേയമാക്കി വരച്ച ചിത്രങ്ങളും പ്രകൃതിയും മനുഷ്യനും പക്ഷിമൃഗാദികളും തമ്മിലുള്ള അഭേദ്യമായ ബന്ധം വ്യക്തമാക്കുന്ന ചിത്രങ്ങളും പ്രദര്ശനത്തിലുണ്ട്.

ചിത്ര രചനയ്ക്കായി ഉപയോഗിച്ചിരിക്കുന്ന മാധ്യമങ്ങളുടെ വ്യത്യസ്തതകൊണ്ടും അശാന്തന്റെ ചിത്രങ്ങള് വേറിട്ടതാകുന്നു. അക്രിലിക്, മഷി, ചാര്കോള്, മണ്ണ്, ചാണകം എന്നിവയാണ് രചനക്കായി ഉപയോഗിച്ചിരുന്നത്.
ജീവിച്ചിരുന്ന കാലത്തോട് കലയിലൂടെ കലഹിച്ചുകൊണ്ടിരുന്ന അശാന്തന്റെ സൃഷ്ടികള് പലതും പ്രതിഷേധത്തിന്റെ തലത്തില് ഉള്ളതാണ്. ദർബാർ ഹാളിലെ 'ഡി' ഗ്യാലറിയിലാണ് പ്രദർശനം സംഘടിപ്പിച്ചിട്ടുള്ളത്. ഈ മാസം 22 നു സമാപിക്കും.
