പ്രതിപക്ഷമാണ് രാജ്യത്ത് അസ്ഥിരതയുണ്ടാക്കിയതെന്ന ഇന്ദിരയുടെ വാദം ഹി‍റ്റ്‍ലറുടെ വാദഗതികളുമായി സാമ്യമുള്ളതാണ്.
ദില്ലി: അടിയന്തരാവസ്ഥയുടെ വാര്ഷിക ദിനത്തില് മുന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ ഹിറ്റ്ലറുമായി താരതമ്യം ചെയ്ത് കേന്ദ്ര മന്ത്രി അരുണ് ജെയ്റ്റ്ലിയുടെ ട്വീറ്റ്. ജനാധിപത്യത്തെ ഭരണഘടനയുടെ പിന്ബലമുള്ള ഏകാധിപത്യത്തിലേക്ക് നയിച്ചയാളാണ് ഇന്ദിര. ഏകാധിപത്യം എന്താണെന്ന് മനസിലാവാത്ത സാധാരണക്കാര്ക്ക്, അടിയന്തരാവസ്ഥക്കാലത്ത് നിര്ബന്ധിത വന്ധ്യംകരണം നടപ്പാക്കിയപ്പോള് അത് മനസിലായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
1975 ജൂണ് 25ന് ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. പ്രതിപക്ഷമാണ് രാജ്യത്ത് അസ്ഥിരതയുണ്ടാക്കിയതെന്ന ഇന്ദിരയുടെ വാദം ഹിറ്റ്ലറുടെ വാദഗതികളുമായി സാമ്യമുള്ളതാണ്. ഭരണഘടന ഓരോ പൗരനും ഉറപ്പുനല്കുന്ന മൗലികാവകാശങ്ങള് തടഞ്ഞുവെച്ചു. ഹിറ്റ്ലറും ഇന്ദിരാഗാന്ധിയും ഭരണഘടനയെ അസാധുവാക്കിയവരാണ്. ജനങ്ങള് രൂപം നല്കിയ ഭരണഘടനയെ ഉപയോഗിച്ച് ജനാധിപത്യത്തെ സ്വേച്ഛാധിപത്യത്തിലേക്ക് പരിവര്ത്തിപ്പിച്ചവരാണ് ഇരുവരും. പാര്ലമെന്റിലെ പ്രതിപക്ഷ നേതാക്കളില് അധികപേരെയും അറസ്റ്റ് ചെയ്ത ഹിറ്റ്ലര്, ഭൂരിപക്ഷമില്ലാതിരുന്ന അദ്ദേഹത്തിന്റെ സര്ക്കാറിന് മൂന്നില് രണ്ട് ഭൂരിപക്ഷമുണ്ടാക്കി. ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്താണ് അസാധുവായിരുന്ന തന്റെ തെരഞ്ഞെടുപ്പ് ഇന്ദിരാഗാന്ധി സാധുവാക്കിയതെന്നും അദ്ദേഹം ട്വിറ്ററില് കുറിച്ചു.
