കഴിഞ്ഞ വര്‍ഷം മേയ് 14ന് അദ്ദേഹം വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ഇതിന് ശേഷം വിദേശ യാത്രകള്‍ എല്ലാം അദ്ദേഹം മാറ്റിവെച്ചിരുന്നു. മുന്‍കൂട്ടി തീരുമാനിക്കാതെയുള്ള യാത്രയാണ് മന്ത്രിയുടേത്

ദില്ലി: ചികിത്സാ ആവശ്യത്തിനായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്‍റ്റ്‍ലി അമേരിക്കയിലേക്ക് പോയി. വൃക്കയുമായി ബന്ധപ്പെട്ട പരിശോധനകള്‍ക്കാണ് അദ്ദേഹത്തിന്‍റെ വിദേശ യാത്ര. നേരത്തെ, കഴിഞ്ഞ വര്‍ഷം മേയ് 14ന് അദ്ദേഹം വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു.

ഇതിന് ശേഷം വിദേശ യാത്രകള്‍ എല്ലാം അദ്ദേഹം മാറ്റിവെച്ചിരുന്നു. മുന്‍കൂട്ടി തീരുമാനിക്കാതെയുള്ള യാത്രയാണ് മന്ത്രിയുടേത്. ഞായറാഴ്ചയാണ് അദ്ദേഹം അമേരിക്കയിലേക്ക് പോയതെന്ന് ബിജെപി വൃത്തങ്ങള്‍ അറിയിച്ചു.

ഫെബ്രുവരി ഒന്നിന് നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ ഈ ഭരണകാലയളവിലെ അവസാന ബജറ്റ് അവതരിപ്പിക്കാനിരിക്കെയാണ് ധനമന്ത്രി ചികിത്സാ ആവശ്യത്തിന് വിദേശത്തേക്ക് പോയത്. ഫെബ്രുവരി ഒന്നിന് മുമ്പ് അദ്ദേഹം തിരികെയെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. അരുണ്‍ ജെയ്‍റ്റ്‍ലിയുടെ അഭാവത്തില്‍ റെയില്‍വേ മന്ത്രി പിയൂഷ് ഗോയലിനാണ് ധനമന്ത്രാലയത്തിന്‍റെ ചുമതല നല്‍കിയിരിക്കുന്നത്.