Asianet News MalayalamAsianet News Malayalam

ഗീത ഗോപിനാഥിന്റെ നിയമനത്തില്‍ പിണറായിക്ക് ജെയ്‍റ്റ്‍ലിയുടെ പിന്തുണ

arun jaitley supports pinarayi vijayan on appointment of gita gopinath
Author
First Published Jul 29, 2016, 9:22 AM IST

സാമ്പത്തിക ഉപദേഷ്‌ടാവായി ഹാര്‍വാഡ് സര്‍വ്വകലാശാല പ്രൊഫസര്‍ ഗീതാ ഗോപിനാഥിനെ നിയമിച്ചത് വിവാദമായിരിക്കെയാണ് കേന്ദ്ര ധനമന്ത്രിയില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന് അപ്രതീക്ഷിത പിന്തുണ കിട്ടിയത്. പ്രധാനമന്ത്രിയെ കണ്ട ശേഷം മുഖ്യമന്ത്രിയെ ഇടത് എം.പിമാര്‍ പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളിലേക്ക് കൂട്ടിക്കൊണ്ടു പോയി. അവിടെ ഒരു മണിക്കൂറോളം ഇരുന്ന മുഖ്യമന്ത്രി സീതാറാം യെച്ചൂരി ഉള്‍പ്പടെയുള്ള എംപിമാരുമായും മാധ്യമപ്രവര്‍ത്തകരുമായും സംസാരിച്ചു. ഇതിനിടെ മുഖ്യമന്ത്രിയെ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്‍റ്റ്‍ലി കണ്ടപ്പോഴാണ് ഗീതാ ഗോപിനാഥിന്റെ നിയമനത്തെക്കുറിച്ച് സംസാരിച്ചത്. പുതിയ ഉപദേഷ്‌ടാവിനെ നിയമിച്ചു എന്ന് അറിഞ്ഞെന്നും ഇത് നല്ല തീരുമാനമാണെന്നും അരുണ്‍ ജെയ്‍റ്റ്‍ലി പറഞ്ഞു. പുതിയ ആശയങ്ങള്‍ വരാന്‍ ഇത് സഹായകരമാകുമെന്ന് പറഞ്ഞ ജെയ്‍റ്റ്‍ലി ഗീതാ ഗോപിനാഥിന്റെ കാര്യപ്രാപ്തിയെ പുകഴ്ത്തുകയും ചെയ്തു. 

ഗീതാ ഗോപിനാഥ് കേരളത്തില്‍ വേരുകളുള്ള വ്യക്തിയാണെന്ന് മാത്രമാണ് മുഖ്യമന്ത്രി മറുപടിയായി പറഞ്ഞത്. ഗീതാഗോപിനാഥിന്റെ നിയമനത്തിനെതിരെ ഇടതുപക്ഷ സൈദ്ധാന്തികരും വി.എസ് അച്യുതാനന്ദനും രംഗത്തു വന്നിരുന്നു. നിയമനത്തിനെതിരെ വി.എസ് നല്കിയ കത്ത് നാളെ തുടങ്ങുന്ന സിപിഎം പോളിറ്റ് ബ്യൂറോ യോഗം ചര്‍ച്ച ചെയ്തേക്കും. പാര്‍ട്ടിയിലെ സ്ഥാനത്തിന്റെ കാര്യത്തില്‍ കൂടി തീരുമാനം ഉണ്ടായാലേ പുതിയ പദവി ഏറ്റെടുക്കൂ എന്ന നിലപാടിലാണ് വി.എസ് അച്യുതാനന്ദനിപ്പോള്‍. പ്ലീനം തീരുമാനങ്ങള്‍ നടപ്പാക്കുന്നതിനെക്കുറിച്ച് ആലോചിക്കാനാണ് പി.ബി ചേരുന്നതെങ്കിലും കേരളത്തിലെ ഈ വിഷയങ്ങളും ഉയര്‍ന്നു വന്നേക്കും. 

Follow Us:
Download App:
  • android
  • ios