ദില്ലി: റഫാൽ കരാറുമായി ബന്ധപ്പെട്ട് എൻ ഡി എ സർക്കാരിനെതിരെ വ്യാജ അഴിമതി ആരോപണങ്ങൾ ഉന്നയിക്കുന്നുവെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി. ആയുധ ഇടപാടിന്റെ വിവരങ്ങൾ പുറത്ത് വരുന്നത് രാജ്യസുരക്ഷയെ ബാധിക്കുമെന്നും അരുൺ ജെയ്‍റ്റ്‍ലി പറഞ്ഞു.
റാഫേൽ ഇടപാടിനെക്കുറിച്ച് കോൺഗ്രസ് ഉന്നയിക്കുന്നത് വ്യാജ അഴിമതി ആരോപണങ്ങളെന്ന് ധനമന്ത്രി ലോക്സഭയിലാണ് നിലപാട് വ്യക്തമാക്കിയത്. പ്രതിരോധ ഇടപാടുകൾ സംബന്ധിച്ച എല്ലാ വിവരങ്ങളും രാജ്യസുരക്ഷയെ മുൻനിർത്തി വെളിപ്പെടുത്താനാകില്ല. ഒരു വിമാനത്തിന് എത്ര രൂപയായി എന്ന കാര്യം പുറത്തുവിട്ടാൽ വിമാനത്തിൽ ഏതൊക്കെ സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചിട്ടുണ്ടെന്ന വിവരം ഉൾപ്പെടെ പുറത്താകും. ഇത് ശത്രുക്കൾക്കാണ് ഗുണം ചെയ്യുക.
യുപിഎ സർക്കാരിന്റെ കാലത്തും പ്രതിരോധ ഇടപാടുകൾ സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിട്ടില്ലെന്നും ജെയ്റ്റ്‍ലി പറഞ്ഞു. മോദി സർക്കാരിനെതിരെ കുംഭകോണങ്ങൾ ഉന്നയിക്കാനില്ലാത്തതിനാലാണ് കെട്ടിച്ചമട്ട ആരോപണങ്ങളുമായി കോൺഗ്രസ് അധ്യക്ഷൻ ഉൾപ്പെടെയുള്ളവർ എത്തുന്നതെന്നും ജെയ്റ്റ്‍ലി ആരോപിച്ചു.
ജെയ്റ്റ്‍ലിയുടെ വിശദീകരണ സമയത്തും ലോക്സഭയിൽ പ്രതിപക്ഷം ബഹളം വച്ചു. ബജറ്റ് പ്രസംഗ സമയത്തും പ്രതിപക്ഷം റാഫേൽ ഇടപാട് സംബന്ധിച്ച് ചോദ്യങ്ങൾ ഉയർത്തിയിരുന്നു. പ്രധാനമന്ത്രി സഭയിൽ നടത്തിയ പ്രസംഗത്തിൽ എന്തുകൊണ്ട് ഇടപാടിനെക്കുറിച്ച് പറഞ്ഞില്ലെന്ന് കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധിയും ചോദ്യം ഉന്നയിച്ച സാഹചര്യത്തിലാണ് ജെയ്റ്റ്‍ലിയുടെ വിശദീകരണം
