ദില്ലി: അരവിന്ദ് കെജ്രിവാളിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേന്ദ്ര കുമാറിനെയും മറ്റു നാലു പ്രതികളെയും ദില്ലി സിബിഐ കോടതി അഞ്ച് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റടിയില്‍ വിട്ടു. ഇന്നലെയാണു ദില്ലി സര്‍ക്കാരിനെ ഞെട്ടിച്ച് ഉന്നത ഉദ്യോഗസ്ഥരെ സിബിഐ അറസ്റ്റ് ചെയ്തത്. അറസ്റ്റിനെത്തുടര്‍ന്ന് രണ്ട് ഉദ്യോഗസ്ഥരെയും ദില്ലി സര്‍ക്കാര്‍ സസ്‌പെന്റ് ചെയ്തു.
ദില്ലിയില്‍ കോണ്‍ഗ്രസ് ഭരണകാലത്ത് സ്‌കൂളുകളില്‍ കമ്പ്യൂട്ടര്‍ അനുവദിച്ചതില്‍ 50 കോടി രൂപയുടെ അഴിമതി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഇന്നലെ വൈകിട്ട് കേജ്രിവാളിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനുമായ രാജേന്ദ്ര കുമാറിനെയും ദില്ലി സെക്രട്ടറിയേറ്റിലെ ഡെപ്യൂട്ടി സെക്രട്ടറി തരുണ്‍ ശര്‍മ്മയെയും അറസ്റ്റ് ചെയ്തത്. ഇവര്‍ക്കു പുറമെ സ്വകാര്യ സ്ഥാപനമായ എന്‍ഡവര്‍ സിസ്റ്റംസിന്റെ രണ്ടു ഡയറക്ടര്‍മാരെയും ഒരു ഇനിലക്കാരനെയും സിബിഐ അറസ്റ്റ് ചെയ്തിരുന്നു.
2007 മുതല്‍ 2014 വരെ രാജേന്ദ്ര കുമാറും ദില്ലി തരുണ്‍ ശര്‍മ്മയും സ്വകാര്യ കമ്പനിക്കു വഴിവിട്ട സഹായങ്ങള്‍ നല്‍കുകയും നടപടിക്രമങ്ങള്‍ പാലിക്കാതെ കരാറുകള്‍ നല്‍കുകയും ചെയ്തു എന്നാണു സിബിഐ കണ്ടെത്തിയത്. അറസ്റ്റ് ചെയ്ത അഞ്ച് പേരെയും ചോദ്യം ചെയ്യലിനായി 10 ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു നല്‍കണമെന്നും ഇപ്പോള്‍ പുറത്തിറങ്ങിയാല്‍ ഉദ്യോഗസ്ഥര്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുമെന്നും സിബിഐ അഭിഭാഷകന്‍ വാദിച്ചു.
രണ്ട് ഉയര്‍ന്ന ഉദ്യോഗസ്ഥരെയും മറ്റു മൂന്നു പേരെയും സിബിഐ കോടതി അഞ്ചു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. സിബിഐ അറസ്റ്റിനെ തുടര്‍ന്ന് രാജേന്ദ്ര കുമാറിനെയും തരുണ് ശര്‍മ്മയെയും ദില്ലി സര്‍ക്കാര്‍ സസ്‌പെന്റ് ചെയ്തു. അതെ സമയം കേജ്രിവാളിന്റെ വിശ്വസ്തനായ രാജേന്ദ്ര കുമാറിന്റെ അറസ്റ്റ് രാഷ്ട്രീയ പകപോക്കലെന്നാണ് എഎപിയുടെയും ദില്ലി സര്‍ക്കാരിന്റെയും ആരോപണം.
എംഎല്‍എമാര്‍ക്ക് പിന്നാലെ ഉദ്യോഗസ്ഥരെയും ലക്ഷ്യംവച്ച് ദില്ലി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമമെന്നു ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആരോപിച്ചു.
