ഇന്ത്യയും അമേരിക്കയും തമ്മിലുള്ള നിർണായക വ്യാപാര കരാർ ചർച്ചകൾ നല്ല രീതിയിൽ പുനരാരംഭിച്ചതായി യുഎസ് അറിയിച്ചു. വ്യാപാര കരാറിന് പുറമെ, ആണവോർജ്ജ രംഗത്തും സാങ്കേതിക മേഖലയിലും സഹകരണം വർദ്ധിപ്പിക്കാൻ ഇരു രാജ്യങ്ങളും ലക്ഷ്യമിടുന്നു. 

വാഷിങ്ടണ്‍: ഇന്ത്യ - യുഎസ് ചർച്ചകൾ നല്ല അന്തരീക്ഷത്തിലെന്ന് അമേരിക്കൻ വിദേശകാര്യ വകുപ്പ്. വ്യാപാര കരാറിനായുള്ള ശ്രമം തുടരുമെന്ന് യുഎസ് അറിയിച്ചു. യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയെ വിദേശകാര്യമന്ത്രി എസ് ജയശങ്കർ അടുത്ത മാസം നേരിൽ കണ്ടേക്കും. ഇറാന്‍റെ വ്യാപാര പങ്കാളികൾക്കെതിരായ 25 ശതമാനം അധിക തീരുവ ഇന്ത്യയെ ബാധിച്ചേക്കില്ല. ആണവോർജ്ജ രംഗത്ത് 'ശാന്തി' ബിൽ പാസാക്കിയതിന് യുഎസ് ഇന്ത്യയെ അഭിനന്ദിച്ചു. 

വ്യാപാര കരാറും ആണവോർജ രംഗത്തെ സഹകരണവുമാണ് ഇന്ത്യയും അമേരിക്കയും ചർച്ച ചെയ്യുന്നത്. ആണവോർജ മേഖലയിൽ സ്വകാര്യ പങ്കാളിത്തത്തിന് വഴി തുറന്നു കൊടുക്കുന്ന ബില്ലാണ് ശാന്തി ബിൽ. ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള വ്യാപാര കരാറിന് അന്തിമരൂപം ആയിക്കൊണ്ടിരിക്കുകയാണ്. അതിനിടെയാണ് ഇന്ത്യയുമായുള്ള ചർച്ചകൾ അമേരിക്ക തന്നെ മുൻകൈ എടുത്ത് പുനരുജ്ജീവിപ്പിക്കുന്നത്.

'ഇന്ത്യ എന്നും നല്ല സുഹ‍ൃത്ത്, ഭിന്നതകൾ തീർക്കാം': യുഎസ് അംബാസഡർ

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള നിർണായകമായ വ്യാപാര കരാർ ചർച്ചകൾ പുനരാരംഭിച്ചെന്ന് ഇന്ത്യയിലെ പുതിയ യുഎസ് അംബാസഡർ സെർജിയോ ഗോറാണ് വ്യക്തമാക്കിയത്. ഇന്ത്യ എന്നും അമേരിക്കയുടെ നല്ല സുഹൃത്താണെന്നും യഥാർത്ഥ സുഹൃത്തുക്കൾക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാമെന്നും എന്നാൽ അവ ചർച്ചകളിലൂടെ പരിഹരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിലുള്ള ആഴത്തിലുള്ള സൗഹൃദം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ കൂടുതൽ ദൃഢമാക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. കരാർ ചർച്ചകൾ നന്നായി നടക്കുന്നു എന്നും യു എസ് അംബാസഡർ വിവരിച്ചു.

വ്യാപാര കരാറിന് പുറമെ സാങ്കേതിക മേഖലയിലും ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കുമെന്ന് സെർജിയോ ഗോർ കൂട്ടിച്ചേർത്തു. അമേരിക്കയുടെ നേതൃത്വത്തിലുള്ള 'പാക്സിലിക്ക' ഗ്രൂപ്പിൽ അടുത്ത മാസം ഇന്ത്യ പൂർണ അംഗമാകുമെന്നും ഗോർ വിവരിച്ചു. സെമി കണ്ടക്ടർ നിർമ്മാണം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ക്രിട്ടിക്കൽ മിനറൽസ് എന്നിവയുടെ സുരക്ഷിതമായ സപ്ലൈ ചെയിൻ ഉറപ്പാക്കാനാണ് ഈ സഖ്യം ലക്ഷ്യമിടുന്നത്. ചൈനയുടെ ആഗോള സാങ്കേതിക ആധിപത്യത്തിന് വെല്ലുവിളിയാകാൻ ഈ പുതിയ നീക്കം സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

നേരത്തെ ഇന്ത്യ - യു എസ് വ്യാപാര കരാർ പരാജയപ്പെടാൻ കാരണം മോദി ട്രംപിനെ നേരിട്ട് വിളിച്ച് സംസാരിക്കാത്തതു കൊണ്ടാണെന്ന് വെളിപ്പെടുത്തി യു എസ് വാണിജ്യ സെക്രട്ടറി രംഗത്തുവന്നത് വിവാദമായിരുന്നു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാർ ഏറെക്കാലമായി മുടങ്ങിക്കിടക്കുകയാണ്. ഇത് അഭിപ്രായവ്യത്യാസങ്ങൾ കൊണ്ടല്ലെന്നും, പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രംപുമായി നേരിട്ട് സംവദിക്കാൻ തയ്യാറാകാത്തത് കൊണ്ടാണെന്നുമാണ് യു എസ് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്ട്‌നിക് പറഞ്ഞത്.