പ്രതിഷേധിച്ചയാൾക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കുട്ടികളെ പീഡിപ്പിക്കുന്നവരുടെ സംരക്ഷകൻ എന്ന് വിളിച്ചതാണ് ട്രംപിനെ പ്രകോപിപ്പിച്ചതെന്നാണ് റിപ്പോർട്ട്. ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലും പ്രചരിക്കുകയാണ്.
വാഷിംഗ്ടൺ: മിഷിഗണിലെ ഓട്ടോ പ്ലാന്റ് സന്ദർശനത്തിനിടെ പ്രതിഷേധക്കാരിൽ ഒരാളോട് ട്രംപ് അശ്ലീലം കലർന്ന രീതിയിൽ പ്രതികരിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലടക്കം പ്രചരിക്കുകയാണ്. ഫാക്ടറിയുടെ ഉയർന്ന നടപ്പാതയിലൂടെ ട്രംപ് നടന്നു പോകുന്നത് ദൃശ്യങ്ങളിൽ കാണാം. താഴെ നിന്ന് ഉയരുന്ന പ്രതിഷേധ ശബ്ദങ്ങളും കേൾക്കാം. ഇതിനിടയിൽ ഒരാളുടെ ശബ്ദം മാത്രം ഉയർന്ന് എന്തോ വിളിച്ചു പറയുന്നത് ട്രംപിന്റെ ശ്രദ്ധയിൽപ്പെട്ടതും ട്രംപ് ആദ്യം ദേഷ്യത്തോടെ നോക്കി. പിന്നീട് നടുവിരൽ ഉയർത്തി അയാൾക്ക് നേരെ കാണിക്കുകയായിരുന്നു. ഡെട്രോയിറ്റിലെ ഫോർഡ് എഫ്-150 ഫാക്ടറിയുടെ സന്ദർശനത്തിനിടെയാണ് സംഭവം.
ദൃശ്യങ്ങളിൽ, ട്രംപ് പ്രതിഷേധക്കാരന് നേരെ വിരൽ ചൂണ്ടുന്നതും, ആക്രോശിക്കുന്നതും പിന്നീട് നടുവിരൽ ഉയർത്തുകയും ചെയ്യുന്നുണ്ട്. സംഭവത്തിൽ ഉൾപ്പെട്ട പ്രതിഷേധക്കാരനെ ഇത് വരെയും തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിൽ, വൈറ്റ് ഹൌസ് പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. പ്രതിഷേധക്കാരൻ യന്ത്രണം വിട്ട് അശ്ലീല വാക്കുകൾ വിളിച്ചുപറയുകയായിരുന്നുവെന്നും, അതിനോട് ട്രംപ് ഉചിതവും വ്യക്തവുമായ മറുപടിയാണ് നൽകിയതെന്നും വൈറ്റ് ഹൗസ് വക്താവ് സ്റ്റീവൻ ചിയാങ് എഎഫ്പിയോട് പ്രതികരിച്ചു.
അതേ സമയം, പ്രതിഷേധക്കാരൻ ട്രംപിനെ ‘കുട്ടികളെ പീഡിപ്പിക്കുന്നവരുടെ സംരക്ഷകൻ’ (pedophile protector) എന്നാണ് വിളിച്ചതെന്നും റിപ്പോർട്ടുകളുണ്ട്. പീഡനക്കേസിൽ ജയിലിലായ ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട ഫയലുകൾ പുറത്തുവിടണമെന്ന ആവശ്യം അമേരിക്കയിൽ ശക്തമാകുന്ന സാഹചര്യത്തിലാണിത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗിക ചൂഷണം ചെയ്ത കേസിൽ വിചാരണ കാത്തിരിക്കെ, 2019ൽ ന്യൂയോർക്ക് ജയിലിൽ വച്ച് എപ്‌സ്റ്റീനെ ജയിലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. എപ്‌സ്റ്റീനുമായി വളരെ അടുത്ത ബന്ധം സൂക്ഷിച്ചിരുന്നയാൾ കൂടിയാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എപ്സ്റ്റീൻ ഫയലിൽ ട്രംപിനെതിരെയും ആരോപണമുണ്ടായിരുന്നു. ട്രംപും എപ്സ്റ്റീനും ചേർന്ന് ബലാത്സംഗം ചെയ്തുവെന്നാണ് അതിജീവിതയുടെ ആരോപണം. ഇതുസംബന്ധിച്ച് ഒരു ഡ്രൈവറും മൊഴി നൽകിയിട്ടുണ്ട്. യുവതിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് ട്രംപും എപ്സ്റ്റീനും തമ്മിൽ ചർച്ച നടത്തുന്നത് താൻ കേട്ടുവെന്നാണ് മൊഴി. എന്നാൽ ഈ മൊഴികളിൽ എഫ്ബിഐ തുടർ പരിശോധന നടത്തിയോയെന്ന് വ്യക്തമല്ല.
എന്താണ് ജെഫ്രി എപ്സ്റ്റീൻ ഫയൽ?
ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനെക്കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട് ഏറെ കാലമായി കാത്തിരുന്ന ചില ഫയലുകൾ യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ടരുന്നു. സമീപ ആഴ്ചകളിൽ പുറത്തിറക്കിയ മറ്റ് രേഖകളിൽ നിന്നും ഫോട്ടോകളിൽ നിന്നും വ്യത്യസ്തതമായ ഇവ എപ്സ്റ്റീൻ ഫയലുകൾ എന്നാണ് അറിയപ്പെടുന്നത്. സമ്മർദ്ദം ശക്തമായതോടെയാണ് ഈ ഫയലുകൾ നീതിന്യായ വകുപ്പ് പുറത്ത് വിട്ടത്. ജെഫ്രി എപ്സ്റ്റീനെതിരെ യുഎസ് നീതിന്യായ വകുപ്പ് നടത്തിയ രണ്ട് ക്രിമിനൽ അന്വേഷണങ്ങളുമായി ബന്ധപ്പെട്ട ഫയലുകളാണ് ആദ്യം പ്രസിദ്ധീകരിച്ചത്. നൂറുകണക്കിന് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചതായാണ് ആരോപണം.
2006 ലാണ് എപ്സ്റ്റീൻ അറസ്റ്റിലായത്. 2009ൽ മോചിപ്പിക്കപ്പെട്ടെങ്കിലും 2019ൽ പിന്നെയും അറസ്റ്റിലായി. 2021 -ൽ കൂട്ടുപ്രതി ഗിസ്ലെയ്നും അറസ്റ്റിലായി. എപ്സ്റ്റീനെതിരായ പരാതിക്കാരി കോടതിയിലും മൊഴി നൽകിയിരുന്നു. പക്ഷേ 2025 ഏപ്രിലിൽ ഇവർ ജീവനൊടുക്കി. 2019ൽ എപ്സ്റ്റീനെ ജയിലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കേസില്‍ ഉള്‍പ്പെട്ട എപ്സ്റ്റീന്‍റെ പെണ്‍സുഹൃത്തായ മാക്‌സ് വെല്ലിനെ കോടതി 20 വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു.


