ദില്ലി: ദില്ലിയിൽ വായുമലിനീകരണം അതിരൂക്ഷമായി തുടരുന്നു. സുരക്ഷാ പരിധിയേക്കാൾ 15 മടങ്ങ് അധികമാണ് വായുമലിനീകരണത്തിന്റെ തോത്. സ്ഥിതി വിലയിരുത്താൻ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ അടിയന്തര മന്ത്രിസഭാ യോഗം വിളിച്ചു. ഗ്യാസ് ചേമ്പറിന് സമാനമായ അന്തരീക്ഷമാണ് ദില്ലിയിലെന്നാണ് വിദഗ്ദരുടെ അഭിപ്രായം. പതിനേഴ് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വായു മലിനീകരണമാണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്.
സുരക്ഷാ പരിധിയേക്കാൾ 15 മടങ്ങാണ് വായുമലിനീകരമത്തിന്റെ തോത്.തണുപ്പ് വർദ്ധിച്ചത് സ്ഥിതി കൂടുതൽ ഗുരുതരമാക്കിയിട്ടുണ്ട്.വിഷപ്പുക മഞ്ഞുമായി ചേർന്ന അവസ്ഥയിലാണിപ്പോൾ. കാറ്റ് കുറവായതിനാൽ വിഷപ്പുക അന്തരീക്ഷത്തിൽ തന്നെ തങ്ങി നിൽക്കുകയാണ്. ദീപാവലി കഴിഞ്ഞതോടെയാണ് പുകമഞ്ഞ് നഗരത്തെ മൂടിയത്. അയൽ സംസ്ഥാനങ്ങളിൽ വയലുകളിൽ തീയിടുന്നതാണ് വിഷപുക ഉയരാന ഇടയാക്കിയതെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ ആരോപിച്ചു.
എന്നാൽ ആരോപണം തെറ്റാണെന്ന് അയൽ സംസ്ഥാനങ്ങളിലെ മന്ത്രിമാർ പ്രതികരിച്ചു.പുകമഞ്ഞ് നിറഞ്ഞതോടെ കാഴ്ച പരിധി 300 മീറ്ററായി ചുരുങ്ങി.
ഹൃദ്രോഗം, ശ്വാസ തടസം എന്നിവയുള്ളവരും കുട്ടികളും ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വിദഗ്ധർ നിർദ്ദേശിച്ചു.വിഷപ്പുക കാരണം രണ്ട് രഞ്ജി ക്രിക്കറ്റ് മത്സരങ്ങൾ ഇന്നലെ മാറ്റിവച്ചിരുന്നു. മുൻസിപ്പൽ കോർപ്പറേഷനുകളുടെ കീഴിലുള്ള 1800 സ്കൂളകൾക്ക് അവധി നൽകിയിരിക്കുകയാണ്. സ്ഥിതി രൂക്ഷമായിട്ടും കേന്ദ്ര സംസ്ഥാന സർക്കാരുകൾ നടപടിയെടുക്കാത്തത്തിൽ പ്രതിഷേധിച്ച് ജന്ദർമന്ദറിൽ ദില്ലി നഗരവാസികൾ ധർണ്ണ നടത്തി
