കൊച്ചി:ചിത്രകാരൻ അശാന്തന്‍റെ മൃതദേഹത്തോടുള്ള അനാദരവിനെതിരെ ചിത്രം വരച്ച് പ്രതിഷേധം. പൊതുദർശനം നിഷേധിച്ച എറണാകുളം ലളിത കലാ ആർട്ട് ഗാലറി മുറ്റത്തായിരുന്നു കലാകാരൻമാരുടെയും സാംസ്കാരിക പ്രവർത്തകരുടെയും പ്രതിഷേധം. അതിനിടെ അക്കാദമി സെക്രട്ടറിയുടെ നിലപാടിൽ പ്രതിഷേധിച്ച് ഭരണ സമിതി അംഗം കവിത ബാലകൃഷ്ണൻ രാജി വച്ചു.
ആർട്ട് ഗാലറി മുറ്റത്ത് വലിച്ചു കെട്ടിയ ബാനറിൽ ചുവപ്പും കറുപ്പും നിറങ്ങളിൽ നിറഞ്ഞ പ്രതിഷേധം. മൃതദേഹത്തോട് കാട്ടിയ അനീതിയോട് പ്രതിഷേധിക്കാൻ ചിത്രകാരൻമാരൻമാർ കൂട്ടുപിടിച്ചത് നിറങ്ങളെ മാത്രം. പൊതുദർശനം തടഞ്ഞവരുടെ വാക്കുകളും ചിത്രകാരൻമാർ പ്രതിഷേധിച്ചെഴുതി.
ചിത്രകാരൻമാർക്ക് പിന്തുണയുമായി പുരോഗമന കലാ സാഹിത്യസംഘവും സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗങ്ങളും ആർട്ട് ഗാലറി മുറ്റത്തെത്തി.കൊച്ചിയിലെ മുതിർന്ന സാഹിത്യ പ്രവർത്തകരും പ്രതിഷേധത്തിൽ പങ്കാളികളായി.
മൃതദേഹത്തിന്‍റെ പൊതുദർശനം തടഞ്ഞ സംഭവം സംസ്കാരശൂന്യം എന്നായിരുന്നു സിപിഎം ജില്ലാ സെക്രട്ടറി പി രാജീവിന്‍റെ കുറ്റപ്പെടുത്തൽ.
അമ്പലം അശുദ്ധിയാകും എന്നാരോപിച്ച് ക്ഷേത്രം ഭാരവാഹികൾ ആർട്ട് ഗാലറി മുറ്റത്ത് പൊതുദർശനം തടഞ്ഞ സംഭവത്തിൽ ഏഴുപേര്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.
