വൈറസ് ബാധ സാംക്രമികാവസ്ഥയിലേക്ക് മാറിയിട്ടില്ല

ദില്ലി: കേരളത്തില്‍ നിപ വൈറസ് ബാധിച്ച സാഹചര്യം സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വിനി കുമാര്‍ അറിയിച്ചു. കേന്ദ്ര സംഘത്തിലെ ഡോക്ടര്‍മാര്‍ സ്ഥലത്തുണ്ട്. വൈറസ് ബാധ സാംക്രമികാവസ്ഥയിലേക്ക് മാറിയിട്ടില്ല. ഒരു പ്രദേശത്ത് മാത്രം ഒതുങ്ങുന്നതാണ്. ഈ സാഹചര്യത്തില്‍ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും ജനങ്ങള്‍ പരിഭ്രാന്തരാവേണ്ട കാര്യമില്ലെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം രോഗലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിക്ക് കൂടി നിപ വൈറസ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് നിപ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 15 ആയി. പെണ്‍കുട്ടി പഠിക്കുന്ന സ്ഥാപനം, സ്വദേശം എന്നീ വിവരങ്ങളൊന്നും ആരോഗ്യവകുപ്പ് പുറത്ത് വിട്ടിട്ടില്ല.