ഭുവനേശ്വര്‍: ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ ചൈനീസ് ആധിപത്യം അവസാനിപ്പിച്ച് ഇന്ത്യ കിരീടം നേടി. 17 മീറ്റുകളിലായുള്ള ചൈനീസ് ആധിപത്യം അവസാനിപ്പിാണ് ഇന്ത്യ ഇത്തവണ ചാമ്പ്യന്മാരായിരിക്കുന്നത്. ഏഷ്യന്‍ അത്‌ലറ്റിക്‌സ് കിരീടം ഇന്ത്യ നേടുന്നത് ആദ്യമായാണ്. സ്വന്തം മണ്ണില്‍ ചരിത്ര വിജയമാണ് ഇന്ത്യ നേടിയിരിക്കുന്നത്.

വനിതാ റിലേയിലും ഇന്ത്യ സ്വര്‍ണം നേടി. വനിതകളുടെ 4*400 മീറ്റര്‍ റിലേയിലാണ് ഇന്ത്യ സ്വര്‍ണം നേടിയത്. ഇന്ത്യയെ മുന്നിലെത്തിച്ചത് മലയാളി താരം ജിസ്‌ന മാത്യുവിന്റെ മികച്ച പ്രകടനമാണ്. 10,000 മീറ്ററില്‍ ജി.ലക്ഷ്മണന്‍ സ്വര്‍ണം നേടി. ലക്ഷ്മണന്‍ മീറ്റില്‍ ഡബിള്‍ തികച്ചിരുന്നു. മലയാളി താരം ടി.ഗോപി വെള്ളി നേടി. 

800 മീറ്ററില്‍ അര്‍ച്ചന അധവ്, ഹെപ്റ്റാത്തലണില്‍ സ്വപ്‌ന ബര്‍മന്‍ എന്നിവരാണ് സുവര്‍ണനേട്ടവുമായി ഇന്ത്യന്‍ സ്വര്‍ണനേട്ടം പതിനൊന്നില്‍ എത്തിച്ചത്. ഹെപ്റ്റാത്തലണില്‍ ഇന്ത്യയുടെ തന്നെ പൂര്‍ണിമ ഹെമ്പ്രാം വെങ്കലം നേടി. പുരുഷവിഭാഗം 800 മീറ്ററില്‍ മലയാളി താരം ജിന്‍സണ്‍ ജോണ്‍സനും വെങ്കലം നേടിയതോടെ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 27 ആയി. 11 സ്വര്‍ണവും അഞ്ചു വെള്ളിയും 11 വെങ്കലവും ഉള്‍പ്പെടെയാണിത്.

കഴിഞ്ഞ ദിവസം 5,000 മീറ്ററിലും ജി. ലക്ഷ്മണന്‍ സ്വര്‍ണം നേടിയിരുന്നു. അതേസമയം, വനിതകളുടെ 800 മീറ്ററില്‍ മെഡല്‍ പ്രതീക്ഷയായിരുന്ന മലയാളി താരം ടിന്റു ലൂക്ക മല്‍സരം പൂര്‍ത്തിയാക്കാതെ പിന്മാറി. 500 മീറ്റര്‍ കഴിഞ്ഞപ്പോഴാണു ടിന്റു പിന്‍മാറിയത്. ഒരു മിനിട്ട് 50.07 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് ജിന്‍സണ്‍ വെങ്കലം സ്വന്തമാക്കിയത്.