പ്രമുഖ റിസര്‍ച്ച് സ്ഥാപനമായ ടിവ്യൂ വിന്‍റെ റിപ്പോര്‍ട്ട് പ്രകാരം അറബ് ചാനലുകളേയും ഹിന്ദി ചാനലുകളേയും പിന്‍തള്ളിയാണ് ഏഷ്യാനെറ്റ് ന്യൂസ് മേഖലയില്‍ ജനപ്രീതിയില്‍ മുന്നിലെത്തിയത്. തെക്കനേഷ്യന്‍ രാജ്യങ്ങളിലെ പ്രേക്ഷകര്‍ക്കിടയില്‍ മറ്റുഭാഷകളിലെ വിനോദ വാര്‍ത്താ ചാനലുകളെ പിന്നിലാക്കിയാണ് ഏഷ്യാനെറ്റ് ന്യൂസ് ആധിപത്യം നേടിയത്. 

TRPയില്‍ 323.1പോയിന്‍റ് ഏഷ്യാനെറ്റ് ന്യൂസ് നേടിയപ്പോള്‍ 56.9 പോയിന്‍റു മായി ഏഴാംസ്ഥാനതെത്തിയ NDTV മാത്രമാണ് ആദ്യ ഇരുപതില്‍ ഇടം നേടിയ മറ്റൊരു ഇന്ത്യന്‍ ന്യൂസ് ചാനല്‍. ചരിത്രത്തില്‍ ആദ്യമായാണ് അറബ് ചാനലുകളെ പിന്‍തള്ളി ഒരു ഇന്ത്യന്‍ ചാനല്‍ ടിവ്യൂ റിപ്പോര്‍ട്ടില്‍ ഒന്നാമതെത്തുന്നത്. സൗദി ഉടമസ്ഥതയിലുള്ള എംബിസിയുടെ ചാനലുകളാണ് പട്ടികയില്‍ ഏഷ്യാനെറ്റ് ന്യൂസിനു പിന്നില്‍.

അറബ് പ്രേക്ഷകരടക്കം യുഎഇയിലെ മൊത്തം പ്രേക്ഷകര്‍ക്കിടയില്‍ നടത്തിയ സര്‍വേയിലും അഭൂതപൂര്‍വമായ മുന്നേറ്റമാണ് ഏഷ്യാനെറ്റ് ന്യൂസ് നടത്തിയത്. എംബിസി യുടെ തൊട്ടുപിന്നിലാണ് ഈ വിഭാഗത്തില്‍ ഏഷ്യാനെറ്റ് ന്യൂസ്. നിയമസഭ വോട്ടെടുപ്പു വാര്‍ത്തയും ഫലവും അറിയാന്‍ യുഎഇയിലെ പ്രവാസികള്‍ മുഴുവന്‍ സമയവും കണ്ടത് ഏഷ്യാനെറ്റ് ന്യൂസാണ്. 

മെയ് 15 മുതല്‍ 21വരെയുള്ള സമയങ്ങളില്‍ മറ്റൊരു മലയാളം ചാനലിനും ആദ്യ ഇരുപതില്‍ ഇടം നേടാനായില്ല. തെക്കനേഷ്യന്‍ ചാനലുകളിലെ പ്രോഗ്രാമുകളിലും ഏഷ്യാനെറ്റ് ന്യൂസ് ഒന്നാമതെത്തി, ആദ്യ ഇരുപതില്‍ പതിനാലും ഏഷ്യാനെറ്റ് ന്യൂസിലെ പരിപാടികള്‍ ഇടം നേടി. വോട്ട് വാര്‍ത്തയടക്കമുള്ള തെരഞ്ഞെടുപ്പ് അനുബന്ധപരിപാടികളെല്ലാം റേറ്റിംഗില്‍ ഒന്നാമതെത്തി. ഗള്‍ഫില്‍ നിന്നുള്ള വാര്‍ത്താധിഷ്ഠിത പരിപാടികളില്‍ ടിവ്യൂറേറ്റിംഗില്‍ ഇടം നേടിയതും ഏഷ്യാനെറ്റ് ന്യൂസിന്‍റെ ഗള്‍ഫ് റൗണ്ടപ്പ് മാത്രം. 

രാജ്യത്തെ വിവിധയിടങ്ങളില്‍ സ്ഥാപിച്ച സെറ്റ്‌ടോപ് ബോക്‌സില്‍ നിന്നുള്ള വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ടിവ്യൂ കണക്കുക്കള്‍ തയ്യാറാക്കിയത്. 62 ലക്ഷം വരുന്ന ടിവി പ്രേക്ഷകരെ പ്രതിനിധാനം ചെയ്യുന്ന കണക്കുകളാണ് ഇത്. 

യുഎഇയിലെ മലയാളി പ്രേക്ഷകരുടെ അകമഴിഞ്ഞ പിന്തുണയാണ് ഏഷ്യാനെറ്റ് ന്യൂസിനെ മുന്‍പന്തിയിലെത്തിച്ചത്. പ്രേക്ഷകര്‍ക്ക് നന്ദി.