പ്രകൃതി സംരക്ഷണത്തിന്റെ അവശ്യകത അടിയന്തരമായി ജനങ്ങളിലേക്കെത്തിക്കാന്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ 'എന്റെ മരം എന്റെ ജീവന്‍' പരിപാടി സഹായിച്ചുവെന്ന് ഗവര്‍ണര്‍ പി സദാശിവം അഭിപ്രായപ്പെട്ടു. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിന്റെ നെറുകയില്‍ എത്തിയ എന്റെ മരം എന്റെ ജീവന്‍ പരിപാടിയുടെ ഔദ്യോഗിക സര്‍ട്ടിഫിക്കറ്റ് ഗവര്‍ണര്‍ പി സദാശിവത്തിന് സമ്മാനിച്ചു. ഏഷ്യാനെറ്റ് ന്യൂസ് വൈസ് ചെയര്‍മാന്‍ കെ മാധവനാണ് ഗവര്‍ണര്‍ക്ക് സര്‍ട്ടിഫിക്കറ്റ് കൈമാറിയത്.
പാലോട് ജവഹര്‍ലാല്‍ നെഹ്റു ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനുമായി സഹകരിച്ച് വന ദിനമായ മാര്‍ച്ച് 21 നാണ് ഏഷ്യാനെറ്റ് ന്യൂസ് 'എന്റെ മരം എന്റെ ജീവന്‍' പരിപാടി സംഘടിപ്പിച്ചത്. സ്‌ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് നാട്ടുകാര്‍ പരിപാടിയില്‍ പങ്കെടുത്തു. 4620 പേര്‍ മരങ്ങളെ പുണര്‍ന്നതോടെ പുതിയ ഗിന്നസ് റെക്കോര്‍ഡ് പിറന്നു. വന സംരക്ഷണത്തിന്റെ പ്രാധാന്യം ഉദ്ബോധിപ്പിച്ച് കൊണ്ട് സംഘടിപ്പിച്ച ഈ പരിപാടിയുടെ ഔദ്യോഗിക സര്‍ട്ടിഫിക്കറ്റാണ് ഏഷ്യാനെറ്റ് ന്യൂസ് വൈസ് ചെയര്‍മാന്‍ കെ മാധവന്‍ രാജ്ഭവനില്‍ ഗവര്‍ണര്‍ പി സദാശിവത്തിന് കൈമാറിയത്.
പ്രകൃതി സംരക്ഷണത്തിന്റെ അടിയന്തര അവശ്യകത ജനങ്ങളിലേക്കെത്തിക്കാന്‍ 'എന്റെ മരം എന്റെ ജീവന്‍' പരിപാടി സഹായിച്ചുവെന്ന് ഗവര്‍ണര്‍ പറഞ്ഞു. തന്റെ ജീവിതത്തില്‍ കിട്ടിയ ഏറ്റവും വിലപ്പെട്ട സര്‍ട്ടിഫിക്കറ്റാണ് ഇതെന്നും അതിനെ നെഞ്ചോട് ചേര്‍ത്ത് വെയ്ക്കുകയാണെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. ഒരു വാര്‍ത്താ ചാനല്‍ എന്നതിലുപരി ഏഷ്യാനെറ്റ് ന്യൂസിന്റെ സാമൂഹിക പ്രതിബദ്ധത തെളിയിക്കുന്നതായിരുന്നു 'എന്റെ മരം എന്റെ ജീവന്‍' പരിപാടിയെന്ന് ഏഷ്യാനെറ്റ് ന്യൂസ് വൈസ് ചെയര്‍മാന്‍ കെ മാധവന്‍ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസിനുള്ള ഗിന്നസ് സര്‍ട്ടിഫിക്കറ്റ് ഗവര്‍ണര്‍, എഡിറ്റര്‍ എം.ജി രാധാകൃഷ്ണന് കൈമാറി. പാലോട് ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനു വേണ്ടി ഡയറക്ടര്‍ എ പാണ്ഡുരംഗനും ജില്ലാ പഞ്ചായത്തിന് വേണ്ടി പ്രഡിഡന്‍റ് വി.കെ മധുവും ജനമൈത്രി പൊലീസിന് വേണ്ടി ഡോ ബി സന്ധ്യയും വിദ്യാര്‍ത്ഥികളെ പ്രതിനീധീകരിച്ച് ശബരിഗിരി സ്കൂള്‍ വിദ്യാര്‍ത്ഥികളായ അശ്വിന്‍ ലാല്‍, റോഷ്ന എം എന്നിവരും സര്‍ട്ടിഫിക്കറ്റുകള്‍ ഏറ്റുവാങ്ങി.
