ജിദ്ദ: ജിദ്ദയില്‍ തടവില്‍ കഴിയുന്ന രണ്ടു മലയാളികളുടെ മോചനത്തിന് പൊതുപ്രവര്‍ത്തകരുടെ സഹായം. സഹായ സമിതി രൂപീകരിച്ചു .ഇരുവര്‍ക്കുമാവശ്യമായ നിയമ സഹായം ഉള്‍പ്പെടെയുള്ളവ ഉറപ്പ് വരുത്തുമെന്ന് സമിതികൾ. ഇടപെടൽ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടിനെ തുടർന്ന്
സൗദിയിലെ ജയിലില്‍ കഴിയുന്ന രണ്ടു മലയാളികളെ കുറിച്ചുള്ള വാര്‍ത്തകള്‍ ഈയടുത്ത് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. വാഹനാപകട കേസില്‍ പെട്ട് രണ്ടു കോടിയോളം രൂപ നഷ്ടപരിഹാരം നല്‍കാനാകാതെ ഒരു വര്‍ഷത്തിലേറെയായി തടവ് ശിക്ഷ അനുഭവിക്കുന്ന കോഴിക്കോട് മുക്കം സ്വദേശി മുജീബുറഹ്മാനാണ് ഇതിലൊന്ന്.
ജീവിതകാലം മുഴുവനും അധ്വാനിചാലും ഇത്രയും വലിയ നഷ്ടപരിഹാര തുക നല്‍കാന്‍ മുജീബിനോ കുടുംബത്തിനോ സാധിക്കില്ല. മുജീബിന്‍റെയും പ്രായമായ മാതാപിതാക്കളും ഭാര്യയും രണ്ടു കുട്ടികളുമടങ്ങുന്ന കുടുംബത്തിന്‍റെയും നിസ്സഹായാവസ്ഥ ഇക്കഴിഞ്ഞ ആറാം തിയ്യതിയാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തത്.
വാര്‍ത്ത ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ജിദ്ദയിലെ പൊതുപ്രവര്‍ത്തകര്‍ മുന്‍കയ്യെടുത്തു കഴിഞ്ഞ ദിവസം മുജീബ് സഹായ സമിതി രൂപീകരിച്ചു. രാഷ്ട്രീയ കലാ സാംസ്കാരിക സംഘടനാ പ്രതിനിധികളുടെയും മുജീബിന്‍റെ നാട്ടുകാരുടെയും വിപുലമായ യോഗം വിളിച്ചിരിക്കുകയാണ് സമിതി ഈ വെള്ളിയാഴ്ച. ഗള്‍ഫിലെ മറ്റു ഭാഗങ്ങളിലും സഹായ സമിതികള്‍ രൂപീകരിക്കും.
നാട്ടില്‍ ജനപ്രതിനിധികള്‍ അടങ്ങിയ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ ശ്രദ്ധയില്‍ ഈ പ്രശ്നങ്ങള്‍ കൊണ്ടുവരാനാണ് കമ്മിറ്റിയുടെ ശ്രമം. സ്പോണ്‍സറുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഒരു വര്‍ഷത്തിലേറെയായി ജയില്‍ ശിക്ഷ അനുഭവിക്കുന്ന കൊണ്ടോട്ടി സ്വദേശി ബഷീറിന്‍റെ കഥ കഴിഞ്ഞ മാസം ആറിനാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തത്. രോഗിയായ ബഷീറിനെയും ജിദ്ദയിലെ റൂമില്‍ ദുരിതം അനുഭവിക്കുന്ന ഭാര്യയെയും അഞ്ച് കുട്ടികളെയും കുറിച്ചറിഞ്ഞ പൊതുപ്രവര്‍ത്തകര്‍ ബഷീര്‍ സഹായ സമിതി രൂപീകരിച്ചു രംഗത്തിറങ്ങി.
നഷ്ടപരിഹാര തുകയായ എണ്‍പത്തിനാലായിരം റിയാല്‍ നല്‍കി ബഷീറിനെ മോചിപ്പിക്കുക, മതിയായ രേഖകളില്ലാത്ത കുടുംബത്തെ നാട്ടിലേക്കയക്കുക എന്നിവയുടെ നടപടിക്രമങ്ങള്‍ അവസാന ഘട്ടത്തിലാണെന്ന് സമിതി അറിയിച്ചു.
