കോട്ടയത്ത് ഉണക്കമീന് കഴിച്ച് വളത്തുനായ ചത്ത സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നമ്മുടെ വിപണിയില്‍ സംസ്കരിച്ച മത്സ്യമെങ്ങനെ എത്തുന്നു എന്ന അന്വേഷണം ഞങ്ങള്‍ തുടങ്ങുന്നത്. വടക്കുഞ്ചേരിയിലെ ഉണക്കമീന്‍ വ്യാപാരിയെ ഞങ്ങള്‍ കണ്ടു. 20 ശതമാനത്തില്‍ താഴെ മീന്‍ മാത്രമേ കേരളത്തില്‍ തയ്യാറാക്കപ്പെടുന്നുള്ളൂവെന്നും ബാക്കി പുറത്തുനിന്ന് വരുന്നതാണെന്നും മത്സ്യവ്യാപാരിയായ കരീം പറഞ്ഞു. പകുതിയിലേറെ സംസ്കരിച്ച മത്സ്യവും അതിര്‍ത്തി കടന്നെത്തുന്നതാണെന്ന ഈ മറുപടിയില്‍ നിന്നാണ് ഞങ്ങല്‍ തമിഴ് നാട്ടിലെ പ്രധാന തുറമുഖമായ നാഗപട്ടണത്തേക്ക് പുറപ്പെട്ടത്.

ഇവിടുത്തെ ചന്തയില്‍ പച്ചമീന്‍ കയറ്റിപ്പോയശേഷം അഴുകിയ മത്സ്യം തരം തിരിച്ച് കൂട്ടിയിട്ടിരിക്കുന്നു. ഇടയ്‌ക്ക് ഉപ്പു വിതറുന്നു. തിരക്കൊഴിഞ്ഞതോടെ സൈക്കിളില്‍ കെട്ടിവച്ച കുട്ടകളില്‍ അഴുകിയ മീന്‍ നിറച്ച് പുറപ്പെട്ട ഒരാളെ ഏഷ്യാനെറ്റ് വാര്‍ത്താസംഘം പിന്തുടര്‍ന്നു. രണ്ടു കിലോമീറ്റര്‍ അപ്പുറത്ത് അക്കരപ്പേട്ടെ എന്ന തുറമുഖ ഗ്രാമത്തിലാണ് അയാള്‍ എത്തിയത്. ഗ്രാമത്തെച്ചുറ്റി കണ്ടാലറയ്‌ക്കുന്ന മാലിന്യച്ചാല്‍ ഒഴുകുന്നു. അതിന്റെ കരയിലേക്കാണ് അഴകിത്തുടങ്ങിയ മീന്‍ കൊണ്ടുപോയത്. കരണ്ടിയില്‍ കോരി വെറും മണ്ണിലിട്ട് മീന്‍ ഒരുവട്ടം ഒന്ന് ഉണക്കും. പിന്നെ കഴുകാനെത്തുന്നവരുടെ ഊഴമാണ്. കുട്ടകളില്‍ മീന്‍ നിറച്ച് മാലിന്യച്ചാലില്‍ മുക്കിയെടുക്കുകയാണ് രീതി. വീണ്ടും ഉണക്കാന്‍ വിരിക്കും. അതും മലിനമായ വെറും മണ്ണില്‍. മൂന്നു ദിവസത്തെ ഉണക്ക് കഴിഞ്ഞ് കേരളത്തിലേക്ക്ക്ക് തിരിക്കാന്‍ തയാറായി നില്‍ക്കുന്ന വണ്ടിക്കാരനോട് എവിടെ നിന്നെല്ലാം ഓര്‍ഡറുണ്ടെന്ന് ചോദിച്ചപ്പോള്‍ എല്ലാം കേരളത്തിലേക്കാണെന്ന് ഡ്രൈവര്‍ പൈക്കിരി സ്വാമി പറഞ്ഞു. പാരിപ്പള്ളി, ആലംകോട്, ചടയമംഗലം, കായംകുളം എന്നീ സ്ഥലങ്ങുടെ പേരും പറഞ്ഞു. പിന്നെ തീവണ്ടിയിലും ടെമ്പോകളിലുമായി നമ്മുടെ വിപണിയിലേക്ക്.

ക്യാമറ- ഫിറോസ് ഖാന്‍
റിപ്പോര്‍ട്ട്-അഞ്ജുരാജ്