തിരുവനന്തപുരം: തിരുവനന്തപുരം കിഴുവിലത്ത് റീസര്‍വേ കഴിഞ്ഞപ്പോള്‍ നാട്ടുകാരുടെ 134 ഏക്കര്‍ ഭൂമി സർക്കാരിന്റേതായി. ഇതോടെ വിളയിൽ പുത്തന്‍ വീട്ടിൽ ധരുണയും ഭര്‍ത്താവ് ഉദയനും തുടങ്ങിവച്ച വീടുപണി നിലച്ചു. പുതിയ വീട്ടിൽ ഒരിക്കലെങ്കിലും അന്തിയുറങ്ങണമെന്ന ഉദയന്റെ അച്ഛന്റെ ആഗ്രഹം നിറവേറ്റാനാകത്തിതിന്റെ വേദനയിലാണ് ഈ കുടുംബം.

പണി തീരാത്ത സ്വപ്ന വീട്. അതിന്റെ മുന്നിൽ മറവിക്ക് കീഴടങ്ങുമ്പോഴും ജീവിത സായാഹ്നത്തിലെ വലിയ മോഹം ഓര്‍ത്തെടുക്കുന്ന ഭര്‍തൃപിതാവ്. ധരുണ ഉദയന് റീസര്‍വേ അളുന്ന ബാക്കി കൊടുത്തത് ഈ നിരാശ. 2423 എന്ന സര്‍വേ നമ്പരാകെ സര്‍ക്കാര്‍ ഭൂമിയാക്കിയപ്പോള്‍ അതിൽ ധരുണയുടെയും 30 സെന്റും പെട്ടു. ആറര ലക്ഷം ചെലവിട്ട ഈ പണിതീരാ വീടും. സര്‍ക്കാര്‍ ഭൂമിയിലെ വീടിന് നമ്പര്‍ പഞ്ചായത്ത് കൊടുക്കില്ലല്ലോ. ഭവന വായ്പയും കിട്ടില്ല.

നിവേദനങ്ങള്‍ പല തവണ നല്‍കി. പക്ഷേ ഉദ്യോഗസ്ഥര്‍ കനിയുന്നില്ല. ധരുണയുടെ ഭാഷയിൽ ഉദ്യോഗസ്ഥര്‍ക്ക് പരാതിക്കാരെ കാണുന്നത് ചതുര്‍ഥി കാണും പോലെ.സങ്കടവും രോഷവും ഒന്നിച്ചു വരുമ്പോള്‍ സാംകുട്ടിയാണ് ശരിയെന്ന് ധരുണയ്ക്ക് തോന്നിപ്പോകുന്നു. സ്വന്തം അപേക്ഷയുമായി മാത്രമല്ല, സര്‍വേ കുരുക്കിലായ നാട്ടുകാര്‍ക്കാകെ വേണ്ടി ഓഫിസുകള്‍ കയറി ഇറങ്ങുകയാണ് ധരുണ.