Asianet News MalayalamAsianet News Malayalam

ഉത്തരേന്ത്യയിൽ കനത്ത മഴ: അസമിലും ബീഹാറിലും പ്രളയം

Assam
Author
First Published Jul 30, 2016, 6:58 AM IST

അസം, ബീഹാർ തുടങ്ങി ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ കനത്ത മഴയും പ്രളയവും തുടരുന്നു. അസമിൽ 18 ലക്ഷത്തോളം ആളുകളെ മാറ്റിപ്പാർപ്പിച്ചു. ബീഹാറിലും അസമിലുമായി പ്രളയക്കെടുതിൽ മരിച്ചവരുടെ എണ്ണം 50 കടന്നു..സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് അസമിൽ സന്ദർശനം നടത്തുകയാണ്.

കഴിഞ്ഞ ഒരാഴ്ച്ചയായി പെയ്യുന്ന ശക്തമായ മഴയ്ക്ക് ഉത്തരേന്ത്യയിൽ ഇനിയും ശമനമുണ്ടായിട്ടില്ല. അസം, ബീഹാർ, അരുണാചൽ പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളെയാണ് മഴ രൂക്ഷമായി ബാധിച്ചത്. അസമിലും ബീഹാറിലും പ്രളയക്കെടുതിയിൽ അമ്പതിലധികം ആളുകൾക്ക് ജീവൻ നഷ്‍ടപ്പെട്ടു. അസമിൽ 18ലക്ഷത്തിലധികം ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപാർപ്പിച്ചു. രണ്ടരലക്ഷത്തോളം ആളുകൾ ദുരിതാശ്വാസക്യാമ്പുകളിൽ അഭയം തേടി. 23ലധികം ജില്ലകൾ വെള്ളത്തിനടിയിലാണ്. കാസിരംഗ നാഷണൽ പാർക്കിൽ വെള്ളം കയറിയതിനെത്തുടർന്ന് കാണ്ടാമൃഗങ്ങളും മാനുകളുമടക്കം നിരവധി മൃഗങ്ങൾ ചത്തു. ബ്രഹ്മപുത്രയും പോഷക നദികളുമടക്കം ഒമ്പത് നദികൾ കരകവിഞ്ഞൊഴുകുകയാണ്. രണ്ട് ദിവസത്തിനുള്ളിൽ വീണ്ടും ശക്തമായ മഴയ്‍ക്കു സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. ഇത് സ്ഥിതിഗതികൾ രൂക്ഷമാക്കും.ദുരന്തനിവാരണ സേനയും കരസേനയും രക്ഷാപ്രവർത്തനം തുടർന്നുകൊണ്ടിരിക്കുകയാണ്..കഴിഞ്ഞ പത്ത് വർഷത്തിനിടെ അസം കണ്ട ഏറ്റവും ശക്തമായ പ്രളയമാണിത്.. സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് അസമിലെത്തി..പ്രളയബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും മന്ത്രി സന്ദർശിക്കുന്നുണ്ട്..മുഖ്യമന്ത്രി സർബാനന്ദ സോനാവാളുമായി അദേഹം സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തും..  ബീഹാറിനേയും പ്രളയം രൂക്ഷമായി ബാധിച്ചിട്ടുണ്ട്..നാല് ലക്ഷത്തോളം ആളുകളെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു...പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ഇപ്പോഴും മഴ തുടരുകയാണ്.

Follow Us:
Download App:
  • android
  • ios