രത്തബരി: ആസ‌ാമിലെ ബിജെപി എംഎൽഎ കൃപാനാഥ് മല്ല ആനപ്പുറത്ത് നിന്ന് വീഴുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. നിയമസഭ ഡെപ്യൂട്ടി സ്പീക്കറായ തെരഞ്ഞെടുക്കപ്പെട്ട മല്ലയ്ക്ക് അണികൾ ശനിയാഴ്ച്ച നൽകിയ സ്വീകരണത്തിലാണ് സംഭവം.‌‌‌‌ 

മല്ലയെ ആനപ്പുറത്തിരുത്തി ന​ഗര പ്രദക്ഷിണം നടത്താനായിരുന്നു അണികളുടെ പദ്ധതി. ഇതിനായി കാഴ്ച്ചയ്ക്കൊത്തൊരു ആനയെയും സംഘടിപ്പിച്ചു. തുടർന്ന് പ്രദക്ഷിണത്തിനായി മല്ലയെ ആനപ്പുറത്ത് കയറ്റുകയും ചെയ്തു. പിന്നീട് ആനയോട് നടക്കാൻ ആവശ്യപ്പെട്ടപ്പോഴാണ് ആന പണിയൊപ്പിച്ചത്. നടക്കാൻ എന്ന് പറഞ്ഞപ്പോൾ ആന മല്ലയെയും കൊണ്ട് ഒാടുകയാണ് ചെയ്തത്. 

അതിനിടയിൽ നിയന്ത്രണം വിട്ട് മല്ല ആനപ്പുറത്തുനിന്നും നിലത്തേക്ക് വീണു. തുടർന്ന് നിലത്ത് വീണ മല്ലെയെ അണികൾ ചേർന്ന് എഴുന്നേൽപ്പിച്ചു. എന്നാൽ പരിക്കുകളൊന്നും ഇല്ലാതെ മല്ല രക്ഷപ്പെട്ടതൊടെ അണികൾക്കിടയിൽ ചിരി പൊട്ടാൻ തുടങ്ങി. സംഭവത്തിന് ശേഷം മല്ലയ്ക്കും ചിരിയടക്കാൻ കഴിഞ്ഞിരുന്നില്ല.