കൊച്ചി: എറണാകുളത്ത് നെടുമ്പാശേരിയിൽ പട്ടാപ്പകൽ വീട്ടീൽ അതിക്രമിച്ച് കയറി ഒന്നരവയസുകാരനെ തട്ടികൊണ്ടു പോകാൻ ശ്രമം. സംഭവത്തിൽ ആസാം സ്വദേശിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. കുട്ടികളെ തട്ടികൊണ്ടു പോകുന്ന സംഘത്തിലെ കണ്ണിയാണോ ഇയാൾ എന്ന് അന്വേഷണം തുടങ്ങി. പൊയ്ക്കാട്ടുശ്ശേരി മാണിയംകുളം സ്വദേശികളായ സാബു-നീന ദമ്പതികളുടെ ഒന്നര വയസുള്ള കുഞ്ഞിനെയാണ് തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചത്.
ഈ സമയം കുട്ടിയുടെ മുത്തശി മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. വീടിന്റെ പരിസരത്ത് ആളില്ലെന്ന് മനസിലാക്കിയ ആസം സ്വദേശിയായ ലോഹിറാം നാക്ക് ആദ്യം ഗേറ്റിൽ അടിച്ച് ബഹളമുണ്ടാക്കി. പ്രായമായ സ്ത്രീ മാത്രമാണ് ഉള്ളിലുള്ളതെന്ന് മനസിലായതോടെ ഇവരിൽ പരിഭ്രാന്തി സൃഷ്ടിക്കാനായി ശ്രമം. ഇതിനായി വീടിന്റെ മുന്‍വശത്തെ വാതിൽ പുറത്ത് നിന്ന് പൂട്ടി ശബ്ദം കേട്ട് പരിഭ്രമിച്ച മുത്തശി ബീന വാതിൽ കുറ്റിയിട്ടെങ്കിലും വടി ഉപയോഗിച്ച് വാതിൽ തകർത്ത് ലോഹിറാം വീടിനുളളിൽ കയറി.
പിന്നീട് കുഞ്ഞിനെ പിടിച്ചു വാങ്ങാനായി ശ്രമം.എതിര്‍ത്തതോടെ മുത്തശിയെ ആക്രമിച്ചു. ഒപ്പം അടുക്കളയിലെ വാതിലും പാത്രങ്ങളും നശിപ്പിച്ചു. ഈ സമയം കുഞ്ഞിനെയും എടുത്ത് ബിന അയൽ വീട്ടിലേക്ക് ഓടി രക്ഷപ്പെട്ടു .തുടർന്ന് ബീനയുടെ നിലവിളി കേട്ട് അയൽവാസികൾ എത്തി പ്രതിയെ കീഴ്പ്പെടുത്തുകയായിരുന്നു. ഇയാൾക്ക് മാനസിക പ്രശ്നങ്ങളുള്ളതായി പൊലീസ് സംശയിക്കുന്നുണ്ട്. സംഭവത്തില്‍ ഊര്‍ജിതമായ അന്വേഷണം നടത്താനാണ് പൊലീസ് നീക്കം.
