പാചകത്തൊഴിലാളിയെ കയ്യേറ്റം ചെയ്ത സംഭവത്തിൽ പാചകത്തൊഴിലാളിയുടെ പരാതിയിൽ കേസെടുത്ത് പേരാവൂർ പോലീസ്.
കണ്ണൂർ: പഠിപ്പ് മുടക്ക് ദിവസം പാചക തൊഴിലാളിയായ സ്ത്രീയെ കയ്യേറ്റം ചെയ്ത സംഭവത്തിൽ എസ് എഫ് ഐ പ്രവർത്തകയ്ക്കെതിരെ കേസെടുത്ത് പേരാവൂർ പോലീസ്. വളയങ്ങാട് സ്വദേശി അക്ഷയ മനോജിനെതിരെയാണ് കേസ്. കണ്ണൂർ മണത്തണ ഗവണ് െമന്റ് സ്കൂളിലാണ് സംഭവം. പഠിപ്പുമുടക്ക് ആഹ്വാനം ചെയ്തെത്തിയ എസ് എഫ് ഐ പ്രവർത്തകയാണ് പാചക തൊഴിലാളിയായ വസന്തയെ കയ്യേറ്റം ചെയ്തത്.
വർഷങ്ങളായി കണ്ണൂർ മണത്തണ ഗവണ് െമന്റ് സ്കൂളിൽ പാചകക്കാരിയാണ് വസന്ത. വ്യാഴാഴ്ച്ച രാവിലെ എട്ടുമണിയോടെ ക്യാമ്പസിലെത്തിയ എസ് എഫ് ഐ പ്രവർത്തകർ പാചകപുരയിലേക്കുമെത്തി. പഠിപ്പുമുടക്കെന്നും ഭക്ഷണം വയ്ക്കരുതെന്നും ഭീഷണി. വാക്കേറ്റത്തിനിടെ തിളച്ചവെളളത്തിലിടാൻ വച്ച അരി തട്ടിതെറിപ്പിച്ചു.
സംഭവമറിഞ്ഞെത്തിയ അധ്യാപകരോട് വസന്ത ദുരനുഭവം പങ്കുവച്ചു. പേരാവൂർ പോലീസിൽ പരാതി നൽകി. സ്കൂളിനു പുറത്തുനിന്നെത്തിയ എസ് എഫ് ഐ പ്രവർത്തകയും വളയങ്ങാട് സ്വദേശിയുമായ അക്ഷയ മനോജിനെതിരെ പോലീസ് കേസെടുത്തു. അന്നം മുട്ടിക്കുന്ന എസ് എഫ് ഐയുടെ പഠിപ്പ്മുടക്ക് സമരാഭാസമെന്ന് കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് ഷമ്മാസ് പറഞ്ഞു.
ഇതിനിടെ കാലിന് പൊളളലേറ്റെന്നും വസന്ത പറഞ്ഞു. ഇന്നലെ രാവിലെ എട്ട് മണിയോടെയാണ് എസ്എഫ് ഐ പ്രവര്‍ത്തകര്‍ പഠിപ്പ് മുടക്കിലിന്‍റെ ഭാഗമായി സ്കൂളിലേക്ക് എത്തിയത്. ഉച്ചക്കുളള ഭക്ഷണം തയ്യാറാക്കുകയായിരുന്നു പാചക തൊഴിലാളിയായ വസന്തയും ഒപ്പമുണ്ടായിരുന്ന ആളും. തുടര്‍ന്നാണ് ഭക്ഷണം ഉണ്ടാക്കുന്നതുമായി ബന്ധപ്പെട്ട് വാക്കേറ്റമുണ്ടായത്. പിന്നീടത് കയ്യാങ്കളിയിലേക്ക് എത്തിയത്. ഇതിനിടെ തിളച്ച വെള്ളത്തിലേക്ക് അരിയിടാൻ നിന്ന വസന്തയുടെ കയ്യിൽ നിന്നും പാത്രം തട്ടിത്തെറിപ്പിക്കുകയായിരുന്നു. ഇക്കാര്യം വസന്ത അധ്യാപകരോട് വിശദീകരിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.



