തിരുവനന്തപുരം: വിവാദങ്ങളില്‍ സര്‍ക്കാര്‍ കടുത്ത സമ്മര്‍ദ്ദം നേരിടുന്നതിനിടെ നിയമസഭയുടെ സമ്പൂര്‍ണ്ണ ബജറ്റ് സമ്മേളനം ഇന്ന് തുടക്കം. മണിയുടെ രാജിയും മൂന്നാര്‍ ഒഴിപ്പിക്കലും സെന്‍കുമാര്‍ വിധിയുമെല്ലാം ആയുധമാക്കി പ്രതിപക്ഷം സര്‍ക്കാറിനെതിരായ നിലപാട് ശക്തമാക്കും.

വിവാദപരമ്പരകളില്‍ മുങ്ങിയ സര്‍ക്കാര്‍, ആക്രമിക്കാന്‍ ഒരുപാട് വിഷയങ്ങളുമായി പ്രതിപക്ഷം. ഇനി പോരാട്ടം സഭക്കുള്ളില്‍. സെന്‍കുമാര്‍ കേസില്‍ ഏറ്റ കനത്ത തിരിച്ചടിയില്‍ മുഖ്യമന്ത്രിയെ തന്നെ പ്രതിപക്ഷം ലക്ഷ്യമിടും. കഴിഞ്ഞ സഭാ സമ്മേളനത്തില്‍ നിരവധി തവണ പിണറായി സെന്‍കുമാറിനെ തള്ളിപ്പറഞ്ഞിരുന്നു. വിവാദ പരാമര്‍ശത്തില്‍ മന്ത്രി എംഎം മണിയുടെ രാജിക്കായി പ്രതിപക്ഷം മുറവിളി കൂട്ടും. ആദ്യ ദിനം ചോദ്യോത്തരവേള മുതല്‍ പ്രതിഷേധം ഉറപ്പാണ്. മൂന്നാര്‍ ഒഴിപ്പിക്കല്‍ എല്‍ഡിഎഫിലെ തര്‍ക്കം, ഉദ്യോഗസ്ഥര്‍ക്കെതിരായ മണിയുടെ പരാമര്‍ശങ്ങള്‍, മഹിജയുടെ സമരം ഇവയെല്ലാം പ്രതിപക്ഷം ഉന്നയിക്കും. ഒപ്പം മലപ്പുറത്തെ ജയത്തിന്റെ കരുത്ത് കൂടി പ്രതിപക്ഷനിരക്കുണ്ട്.

ഭരണപക്ഷ നിരയില്‍ ശശീന്ദ്രന്റെയും തോമസ് ചാണ്ടിയുടേയും കസേരകള്‍ പരസ്പരം മാറും. പ്രതിപക്ഷത്തിന്റെ മുന്‍ നിരയിലുള്ള പികെ കുഞ്ഞാലിക്കുട്ടി 27ന് എംഎല്‍എ സ്ഥാനം രാജിവെക്കും. തുടര്‍ന്ന് കുഞ്ഞാലിക്കുട്ടിയുടെ സീറ്റില്‍ എംകെ മുനീര്‍. 32 ദിവസമാണ് സമ്മേളന കാലാവധി. 27ന് ചരിത്രം ഓര്‍മ്മിപ്പിച്ച സെക്രട്ടറിയേറ്റിലെ പഴയ നിയമസഭാ മന്ദിരത്തിലായിരിക്കും സഭ ചേരും. ആദ്യ മന്ത്രിസഭയുടെ ആദ്യ സഭാ സമ്മേളനം ചേര്‍ന്നതിന്റ വജ്രജൂബിലി ദിവസത്തിലാണ് പഴയ മന്ദിരത്തില്‍ വീണ്ടും സഭ ചേരുന്നത്. സ്‌കൂളുകളില്‍ മലയാളം നിര്‍ബന്ധമാക്കിയ ഓര്‍ഡിനന്‍സടക്കം നാല് ഓര്‍ഡിനന്‍സുകള്‍ക്ക് പകരമുള്ള ബില്ലുകളും ഈ സമ്മേളനത്തില്‍ പാസാക്കും.