തിരുവനന്തപുരം: തിരുവനന്തപുരം വട്ടിയൂർകാവില്‍ വസ്തുതട്ടിപ്പിലൂടെ ബിജെപി നേതാവ് പണംകവർന്നതായി പരാതി. പണയത്തിന് നല്‍കിയ വീടു തന്നെ വീണ്ടും ബാങ്കിലും പണയംവച്ച് തട്ടിപ്പ് നടത്തിയെന്നാണ് പരാതി. കാഞ്ഞിരംപാറ സ്വദേശിയും ബിജെപി നേതാവുമായ വിഷ്ണുദേവനെതിരെയാണ് വട്ടിയൂർകാവ് സ്റ്റഷനില്‍ പരാതി ലഭിച്ചത്. അഞ്ചുകുടുംബങ്ങളില്‍നിന്നായി ഇരുപത് ലക്ഷത്തോളം രൂപ ഇയാള്‍ തട്ടിയെടുത്തതായാണ് സൂചന. ഇയാളിപ്പോള്‍ ഒളിവിലാണ്. ബാങ്കില്‍ ഇതേ വസ്തുക്കള്‍ കാണിച്ച് ഒന്നരകോടിയോളം രൂപ ഇയാള്‍ ലോണെടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതിനെതുടർന്ന് വസ്തുവകകള്‍ ബാങ്കധികൃതർ ജപ്തി ചെയ്യാനെത്തിയപ്പോഴാണ് തട്ടിപ്പുവിവരങ്ങള്‍ പുറത്തറിഞ്ഞത്.