അലഹബാദ്: കേരളം ഉൾപ്പടെ പാർട്ടിക്ക് വലിയ ശക്തിയില്ലാത്ത ഏഴു സംസ്ഥാനങ്ങളിൽ കരുത്താർജ്ജിക്കാനുള്ള ആഹ്വാനവുമായി അലഹബാദിൽ നടന്ന ബിജെപി ദേശീയ നിർവ്വാഹക സമിതി യോഗം സമാപിച്ചു.വരും വർഷങ്ങളിൽ കേരളത്തിൽ ബിജെപി രണ്ടാമത്തെ പാർട്ടിയാകണമെന്ന് അമിത്ഷാ നിർദ്ദേശം നൽകി. ഉത്തർപ്രദേശിൽ മായാവതിയും മുലായംസിംഗും ചേർന്നുള്ള അഴിമതിയുടെ ജുഗൽബന്ദിക്ക് അറുതിവരുത്തണണമെന്ന് സമാപനറാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു.

അധികാരം വികസനത്തിനും ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും ഉപയോഗിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആലഹബാദിൽ ദേശീയ നിർവ്വാഹകസമിതി യോഗത്തിന്‍റെ സമാപന പ്രസംഗത്തിൽ നിർദ്ദേശിച്ചു. സംവാദം, സഹാനുഭൂതി, സമന്വയം തുടങ്ങി ഏഴു വഴികളിലൂടെ പാർട്ടിയെ ശക്തിപ്പെടുത്തണമെന്നും മോദി ആവശ്യപ്പെട്ടു. പ്രതിപക്ഷത്തെ വിലകുറച്ച് കാണേണ്ടെന്നും ജാഗരൂകരായിരിക്കണമെന്നും മോദി നിർദ്ദേശിച്ചു. 
നിർവ്വാഹകസമിതി യോഗത്തിനു ശേഷമുള്ള ബഹുജനറാലിയിലൂടെ ബിജെപി ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ചു. മായാവതിയും മുലായംസിംഗും അഴിമതിയുടെ കാര്യത്തിൽ ഒത്തുകളിക്കുകയാണെന്ന് ആരോപിച്ച മോദി ബിജെപിയുടെ മുദ്രാവാക്യം വികസനമായിരിക്കുമെന്ന് വ്യക്തമാക്കി

എന്നാൽ ബിജെപി അദ്ധ്യക്ഷൻ അമിത്ഷാ കൈരാനയിൽ ഒരു വിഭാഗത്തിൽ പെട്ടവർക്ക് മാത്രം പലായനം ചെയ്യേണ്ടി വരുന്ന വിഷയം ചൂണ്ടിക്കാട്ടി സമാജ്വാദി പാർട്ടി പ്രീണനത്തിന്റെ രാഷ്ട്രീയം കളിക്കുകയാണെന്ന് ആരോപിച്ചു. വേദിയിലുണ്ടായിരുന്ന മുതിർന്ന നേതാവ് മുരളിമനോഹർ ജോഷി താനുൾപ്പടെ എല്ലാവർക്കും പ്രചോദനമാണെന്ന് മോദി എടുത്തു പറഞ്ഞത് ശ്രദ്ധേയമായി. 

ജോഷിയെ അപമാനിക്കുന്നു എന്ന പോസ്റ്ററുകൾ യോഗസ്ഥലത്തിനടുത്ത് പ്രത്യക്ഷപ്പെട്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിൽ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും ടീം ഇന്ത്യയായി പ്രവർത്തിക്കണമെന്ന് ദേശീയ നിർവ്വാഹകസമിതി യോഗം പാസ്സാക്കിയ രാഷ്ട്രീയ പ്രമേയം ആവശ്യപ്പെടുന്നു.