എബി വാജ്പേയി ആശുപത്രിയിൽ തൃപ്തികരമെന്ന് എയിംസിലെ ഡോക്ടർമാർ മോദിയും രാഹുലും എയിംസിലെത്തി

ദില്ലി: മുൻ പ്രധാനമന്ത്രി എബി വാജ്പേയി ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ദില്ലി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് വ്യക്തമാക്കി. എബി വാജ്പേയി ഇന്ന് എയിംസിൽ കഴിയും. പ്രധാനമന്ത്രി നരേന്ദ്രമോദിയും കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയും എയിംസിലെത്തി എബി വാജ്പേയിയുടെ ആരോഗ്യനില അന്വേഷിച്ചു. 

പരിശോധനകൾക്കായി എബി വാജ്പേയിയെ ദില്ലി എയിംസിൽ പ്രവേശിപ്പിച്ചു എന്നാണ് ഡോക്ടർമാർ അറിയിച്ചത്. ആരോഗ്യസ്ഥിതി തൃപ്തികരമാണ് എന്നും എയിംസിൻറെ ആദ്യ മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കി. തീവ്രപരിചരണ വിഭാഗത്തിലാണ് വാജ്പേയിയുടെ പരിശോധനകൾ നടത്തുന്നത്. അണുബാധ ഉള്ളതുകൊണ്ടാണ് ആശുപത്രിയിൽ തന്നെ തുടരാൻ ഡോക്ടർമാർ നിർദ്ദേശിച്ചത്. 

നാലുമണിയോടെ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയാണ് ആദ്യം എയിംസിലെത്തി എബി വാജ്പേയിയുടെ വളർത്തുമകൾ നമിത ഉൾപ്പടെയുള്ള കൂടുംബാംഗങ്ങളെ കണ്ടത്. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലും രാഹുലിന് ഒപ്പമുണ്ടായിരുന്നു. ഇതിനു ശേഷം ബിജെപി നേതാക്കളും ആശുപത്രിയിലെത്തി. ബിജെപി അദ്ധ്യക്ഷൻ അമിത് ഷായും, ആരോഗ്യമന്ത്രി ജെപി നഡ്ഢയും എയിംസിലെത്തി. 

രാത്രി എട്ടു മണിയോടെ ആശുപത്രിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി നാല്പത്തിയഞ്ച് മിനിറ്റ് ആശുപത്രിയിൽ ഉണ്ടായിരുന്നു. ഏറെ നാളായി എബി വാജ്പേയിയെ ചികിത്സിക്കുന്ന എയിംസ് ഡയറക്ടർ കൂടിയായ ഡോക്ടർ റൺദീപ് ഗുലേറിയയുമായി മോദി സംസാരിച്ചു. ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്, എൽകെ അദ്വാനി, മുരളി മനോഹർ ജോഷി തുടങ്ങിയവരും ആശുപത്രിയിലെത്തി. 2005-ൽ സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നു എന്ന് പ്രഖ്യാപിച്ച എബി വാജ്പേയി ഒരു ദശാബ്ദമായി വിശ്രമജീവിതത്തിലാണ്.