ക്ഷണിക്കപ്പെട്ട 200 ഓളം അതിഥികള്‍ക്ക് മാംസാഹാരങ്ങളും വിളമ്പി

മുംബൈ: മഹാരാഷ്ട്രയിലെ യുക്തിവാദി നേതാവ് മകന്‍റെ പിറന്നാള്‍ ആഘോഷിച്ചത് ശ്മശാനത്തില്‍. യുക്തിവാദി സംഘടനയായ മഹാരാഷ്ട്ര അന്ധശ്രദ്ധ നിര്‍മൂലന്‍ സമിതി നേതാവ് പന്തരിനാഥ് ഷിന്‍ഡെയാണ് മകന്‍റെ പിറന്നാള്‍ ആഘോഷം ശ്മശാനത്തില്‍ ആക്കിയത്. ഒപ്പം ക്ഷണിക്കപ്പെട്ട 200 ഓളം അതിഥികള്‍ക്ക് മാംസാഹാരങ്ങളും വിളമ്പി. ദുരാചാരങ്ങള്‍ക്കെതിരായ പോരാട്ടങ്ങളുടെ ഭാഗാമായാണ് ഇങ്ങനെയൊരു ആഘോഷമെന്നാണ് വിശദീകരണം. 

അതേസമയം ബിജെപി നേതാവിന്‍റെ പരാതിയെ തുടര്‍ന്ന് പന്തരിനാഥിനും കൂട്ടര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. മതത്തെ അപമാനിച്ചുവെന്നും ആരാധനാ സ്ഥലം അശുദ്ധമാക്കിയെന്നുമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സെപ്റ്റംബര്‍ 19നായിരുന്നു സംഭവം. എന്നാല്‍ പ്രദേശവാസികള്‍ ശ്മശാനം ശുദ്ധീകരിക്കാനെത്തിയപ്പോഴാണ് സംഭവം പുറംലോകമറിഞ്ഞത്. 

എന്നാല്‍ മകന്‍റെ പിറന്നാള്‍ ശ്മശാനത്തില്‍വച്ച് ആഘോഷിക്കാന്‍ പൊലീസില്‍നിന്നും പ്രാദേശിക ഭരണകൂടത്തില്‍നിന്നും പന്തരിനാഥ് ഷിന്‍ഡെ അനുമതി വാങ്ങിയിരുന്നു. പ്രേതവും ഭൂതവുമൊന്നും ശ്മശാന്തതില്‍ ഇല്ലെന്ന് ജനങ്ങളെ ബോധിപ്പിക്കാനാണ് തന്‍റെ മകന്‍റെ പിറന്നാള്‍ ശ്മശാനത്തില്‍തന്നെ ആഘോഷിച്ചതെന്ന് പന്തരിനാഥ് ഷിന്‍ഡെ പറഞ്ഞു.