ദുരഭിമാനക്കൊലകള്‍ കേരളത്തിലും: ആതിരയും കെവിനും. ഇനി...?

തിരുവനന്തപുരം: തമിഴ്നാട്ടില്‍ നാം നിരന്തരം കേട്ടുകൊണ്ടിരുന്ന ഒരു വാര്‍ത്തയായിരുന്നു ജാതിയുടെ മതത്തിന്‍റെ പേരില്‍ നടക്കുന്ന ദുരഭിമാനക്കൊലകള്‍. മകനോ മകളോ അന്യ ജാതി, മതത്തില്‍പെട്ടവരുമായി പ്രണയബന്ധത്തിലേര്‍പ്പെടുമ്പോള്‍ കുടുംബാംഗങ്ങള്‍ നടത്തുന്ന കൊലപാതകം. ചെന്നൈയില്‍ കഴിഞ്ഞവര്‍ഷം മാത്രം ഇത്തരം നിരവധി കൊലപാതകങ്ങള്‍ നടന്നിട്ടുണ്ട്. ഉത്തരേന്ത്യയിലാണ് ദുരഭിമാന കൊലകള്‍ കൂടുതലായി നടക്കുന്നത്. ഇങ്ങനെ മറ്റു സംസ്ഥാനങ്ങളില്‍ നടന്നുവന്ന സാമൂഹിക നീചത്വത്തിന്‍റെ പ്രതീകമായ കൊലപാതകങ്ങള്‍ കേരളത്തിലേക്കും കടുന്നുവരികയാണ്.

കോട്ടയത്തെ കെവിന്‍ പി ജോസഫല്ല കേരളത്തിലെ ആദ്യത്തെ ദുരഭിമാനക്കൊല. കെവിനെ കൊന്നത് ഭാര്യയുടെ സഹോദരനും സംഘവുമാണെങ്കില്‍ നേരത്തെ കോഴിക്കോട് ദുരഭിമാന കൊലയ്ക്ക് ഇരയായ ആതിര കൊല്ലപ്പെട്ടത് സ്വന്തം അച്ഛന്‍റെ കൈകൊണ്ടായിരുന്നു. ആരും മറന്നുകാണില്ല ആതിരയെ... അമ്മയുടെ ചികിത്സയക്ക് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയപ്പോഴായിരുന്നു ആര്‍മി ഉദ്യോഗസ്ഥനായ ബ്രിജേഷ് ആതിരയെ പരിചയപ്പെടുന്നത്. സ്വകാര്യ ഡയാലിസിസ് സെന്‍ററിലെ ജീവനക്കാരിയായിരുന്നു ആതിര. ദളിത് വിഭാഗത്തില്‍ പെട്ട ബ്രിജേഷുമായുള്ള ബന്ധം അച്ഛന്‍ രാജന്‍ നേരത്തെ തന്നെ എതിര്‍ത്തിരുന്നു.

തര്‍ക്കത്തില്‍ പൊലീസ് ഇടപെടുകയും കല്യാണത്തിന് സമ്മതമാണെന്ന് രാജന്‍ അറിയിക്കുകയും ചെയ്തു. തന്‍റെ വീടിനടുത്തുള്ള ക്ഷേത്രത്തില്‍ വച്ച് വിവാഹം നടത്താമെന്നും രാജന്‍ സമ്മതിച്ചു. സ്റ്റേഷനില്‍ നിന്ന് തിരിച്ചെത്തിയ രാജന്‍ തീരമാനം മാറ്റി. ഇതോടെ ബ്രിജേഷിനെ വളിച്ച് ആതിര കാര്യം പറ‍‌ഞ്ഞു. നമ്മളെ ജീവിക്കാന്‍ അച്ഛന്‍ സമ്മതിക്കില്ലെന്നും തന്നെ രക്ഷപ്പെടുത്തണമെന്നും ആതിര ബ്രിജേഷിനോട് ആവശ്യപ്പെട്ടു. എന്നാല്‍ നാളെ കല്ല്യാണം നടക്കുമെന്നും അതുവരെ ക്ഷമിക്കാനും ബ്രിജേഷ് സമാധാനിപ്പിച്ചു. എന്നാല്‍ ആ വലിയ ദുരന്തം ബ്രിജേഷും പ്രതീക്ഷിച്ചിരുന്നില്ല.

രാത്രിയോടെ ആതിരയുടെ വിവാഹ വസ്ത്രങ്ങളെല്ലാം തീയിട്ട രാജന്‍ തന്‍റെ മകളെ ഒരു താഴ്ന്ന ജാതിക്കാരന് നല്‍കില്ലെന്ന് പറഞ്ഞു. ആതിരയെ കൊല്ലുമെന്ന് ആക്രോഷിച്ച രാജന്‍ കത്തി തിരയുന്നതിനിടയില്‍ അയല്‍ വീട്ടുകാര്‍ ആതിരയെ അവിടേക്ക് കൂട്ടിക്കൊണ്ടു പോയി. എന്നാല്‍ രാജന്‍ അവിടെയെത്തി ആതിരയെ കുത്തുകയായിരുന്നു. വിവരങ്ങളറിയാതെ വിവാഹത്തിനെത്തിയ ബ്രിജേഷ് കണ്ടത് ആതിരയുടെ മൃതദേഹമായിരുന്നു. കൊലപാതകത്തിന് ശേഷവും യാതൊരു കുറ്റബോധവും രാജന് ഉണ്ടായിരുന്നില്ല. ആതിരയെ കൊന്നതും കൊല്ലാനുപയോഗിച്ച കത്തിയുടെതടക്കം എല്ലാ കാര്യങ്ങളും പൊലീസിനു മുമ്പില്‍ ഭാവവ്യത്യാസമില്ലാതെ രാജന്‍ വ്യക്തമാക്കുകയാണുണ്ടായത്.

കെവിന്‍റെ കൊലപാതകവും ദുരഭിമാനക്കെലയാണെന്ന് വ്യക്തമാണ്. മൂന്ന് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് കെവിനും നീനുവും വിവാഹിതരാകുന്നത്. വീട്ടില്‍ മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോള്‍ നീനു വീടുവിട്ടിറങ്ങി രജിസ്റ്റര്‍ മാരേജ് ചെയ്ത് വീട്ടില്‍ അറിയിച്ചു. കെവിന്‍ സാമ്പത്തികമായി പിന്നോക്കാവസ്ഥയിലാണ് എന്നതായിരുന്നു കെവിന്നെ എതിര്‍ക്കാന്‍ വീട്ടുകാരുടെ കണ്ടെത്തിയ കാരണം. വിവാഹ ശേഷം ഭീഷണി ഭയന്ന് നീനു ഹോസ്റ്റലിലും കെവിന്‍ ബന്ധുവീട്ടിലേക്കും താമസം മാറി എന്നാല്‍ ഇതൊന്നും കെവിന്നെ രക്ഷപ്പെടുത്തിയില്ല. ബന്ധുവീട്ടിലെത്തിയ ഭാര്യാസഹോദരനും സംഘവും കെവിനെയും ബന്ധുവിനെയും വലിച്ചിഴച്ച് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. കേട്ടുകേള്‍വിയില്ലാത്ത ദുരഭിമാനക്കൊലയുടെ ഞെട്ടിപ്പിക്കുന്ന വാര്‍ത്തകള്‍ അതിവേഗം, പ്രബുദ്ധമെന്ന് നാം അവകാശപ്പെടുന്ന കേരളത്തിലും എത്തുന്നു എന്നത് പേടിപ്പെടുത്തുന്ന സാമൂഹിക ദുരന്തമാവുകയാണ്.