കൊച്ചി: കൊച്ചിയിലെ എടിഎം കവര്‍ച്ചയിലെ പ്രതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശ് സ്വദേശി ഇമ്രാനെയാണ് കാക്കനാട്ടെ ഹോട്ടല്‍ മുറിയ്ക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചാക്കില്‍ പൊതിഞ്ഞു കെട്ടിയ നിലയിലായിരുന്നു മൃതദേഹം. പോലീസ് പിടികൂടിയ കൂട്ടുപ്രതിയാണ് കൊലപതകിയെന്നാണ് സംശയം. ഇയാളെ പൊലീസ് പിടികൂടിയിട്ടുണ്ട്.

കഴിഞ്ഞദിവസം രാത്രിയായിരുന്നു കൊച്ചി വാഴക്കാലയിലെ സിന്‍ഡിക്കേറ്റ് ബാങ്കിന്റെ എടിമ്മില്‍ കവര്‍ച്ചാ ശ്രമം നടക്കുന്നത്. എടി എമ്മിന്റെ പുറകുവശത്തെ കേബിളുകള്‍ മുറിച്ചശേഷമായിരുന്നു കവര്‍ച്ചാശ്രമം. ബൈക്കിലെത്തിയ രണ്ട് യുവാക്കളില്‍ ഒരാള്‍ ആദ്യം ഹെല്‍മറ്റ് ധരിച്ച് ഉളളില്‍ക്കടന്നു. പിന്നെ ക്യാബിനിനുളളിലെ നിരീക്ഷണ ക്യാമറകള്‍ക്ക് മുകളിലേക്ക് പെയിന്റ് തളിച്ചു. ദൃശ്യങ്ങള്‍ ക്യാമറിയില്‍ പതിയില്ലെന്ന വിശ്വാസത്തിലാണ് ഹെല്‍മറ്റ് മാറ്റി ഇരുവരും ഉളളില്‍ കടന്നത്. എന്നാല്‍ ഇവരുടെ ശ്രദ്ധയില്‍ പെടാതിരുന്ന മറ്റൊരു ക്യാമറയില്‍ ദൃശ്യങ്ങള്‍ കൃത്യമായി പതിഞ്ഞിരുന്നു.

ഇതിലാണ് പ്രതികള്‍ കുടുങ്ങിയത്. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ തെരച്ചില്‍ നടത്തുന്നതിനിടെയാണ് പ്രതികളില്‍ ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്.