തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും എടിഎം തട്ടിപ്പ്. തിരുവനന്തപുരം പട്ടം സ്വദേശിയായ അധ്യാപികയ്ക്ക് 56,000 രൂപ നഷ്ടമായി. പണം പിന്‍വലിച്ചത് വിദേശത്ത് നിന്നാണെന്നാണ് സൂചന.

തിരുവനന്തപുരം എന്‍എസ്എസ് കോളേജിലെ അധ്യാപികയായ അശ്വതിക്കാണ് പണം നഷ്ടമായത്. പട്ടം എസ്ബിടി ശാഖയിലെ അക്കൗണ്ടിലേക്ക് അഞ്ചാം തീയതിയാണ് ശമ്പളമായി 51,000 രൂപ എത്തിയത്. നേരത്തെയുണ്ടായിരുന്ന അയ്യായിരം രൂപ അടക്കം 56,000 രൂപ അക്കൗണ്ടില്‍ ഉണ്ടെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ തട്ടിപ്പ് ഇരയായത് അശ്വതി അറിയുന്നത് ഇന്നലെയാണ്.

ഈ മാസം അഞ്ചിനും ആറിനുമാണ് പണം പിന്‍വലിച്ചിരിക്കുന്നത് എന്ന് ബാങ്ക് രേഖകള്‍ നിന്ന് വ്യക്തമാണ്.എസ്ബിടി അധികൃതകര്‍ക്കും മെഡിക്കല്‍ കോളേജ് പൊലീസിനും അശ്വതി പരാതി നല്‍കിയിട്ടുണ്ട്. നഷ്ടമായ പണം തിരികെ നല്‍കുമെന്ന് എസ്ബിടി അധികൃതര്‍ വ്യക്തമാക്കി.

രാജ്യത്തിന് അകത്ത് നിന്നുള്ള എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിച്ചാല്‍ രേഖകള്‍ കണ്ടെത്താനാകും. എന്നാല്‍ ഇതുവരെ അത്തരത്തില്‍ സൂചനകള്‍ ഇല്ലാത്തിനാല്‍ വിദേശത്ത് നിന്നെന്നാണ് പണം പിന്‍വലിച്ചത് എന്ന് ബാങ്ക് അധികൃതര്‍ കരുതുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി