തിരുവനന്തപുരത്തെ തീരദേശത്തെ ഒരു പ്രദേശത്താണ് ഏഷ്യാനെറ്റ് ന്യൂസ് സംഘം എത്തിയത്, എല്ലാവർക്കും ബാങ്ക് അക്കൗണ്ടുകൾ ഉണ്ട് ഇവിടെ. എടിഎം കാർഡുകളും മിക്കവരുടേയും പക്കലുണ്ട്. ഇല്ലാത്തത് പണമാണ്. ഉള്ള പണത്തിന് വിലയില്ലാതായതോടെ ബാങ്കിന് മുന്നിൽ കാത്തുനിൽപ്പാണ് നൂറുകണക്കിന് ആളുകൾ. കൂലിപ്പണിയെടുത്ത് കുടുംബം പുലർത്തുന്നവർ ജോലിക്ക് പോയിട്ട് ദിവസങ്ങളായി.

മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നില്ല. ഭക്ഷണം പോലും കഴിക്കാതെ മണിക്കൂറുകൾ വരിനിന്ന് തളർന്നു വീണാലും പണം കിട്ടാതെ വീട്ടിൽ പോകാനാകില്ല. എടിഎം മെഷീനുകളിൽ തീരുന്ന മുറയ്ക്ക് പണമെത്തിക്കാൻ ഉൾപ്രദേശങ്ങളിൽ സംവിധാനമില്ല. പലരും മണിക്കൂറുകൾ കാത്തുനിന്ന്, വെറുംകയ്യോടെ മടങ്ങും.

നഗരത്തിലെ എടിഎമ്മുകളിൽ പണം നിറച്ച് പ്രശ്നങ്ങളില്ലെന്ന് പറയുന്നവർ ഗ്രാമങ്ങളിലേയും തീരപ്രദേശങ്ങളിലേയും ജനങ്ങളുടെ ദുരിതം കാണുന്നില്ല.