നിലവിലെ സാങ്കേതിക വിദ്യക്ക് മാറ്റം വരുത്തേണ്ടി വരും
ദില്ലി: പുതിയ 100 രൂപ നോട്ടുകൾ ഉൾക്കൊള്ളാൻ പാകത്തിൽ രാജ്യത്തെ എടിഎമ്മുകൾ പുനക്രമീകരിക്കുന്നതിന് 100 കോടി രൂപ ചെലവു വരുമെന്ന് എടിഎം നിർമ്മാണ കമ്പനികൾ. ഘടനയ്ക്ക് പുറമേ സാങ്കേതിക വിദ്യയിലും മാറ്റം വരുത്തിയാല്‍ മാത്രമേ പുതിയ നോട്ടുകൾ എടിഎമ്മുകളിൽ നിറയ്ക്കാനാകൂ. പുതിയ 200 രൂപ നോട്ടുകൾ തന്നെ മുഴുവൻ എടിഎമ്മുകളിൽ ഇതുവരെ ലഭ്യമായിട്ടില്ല.
ഇതിനിടെയാണ് പുതിയ നൂറു രൂപ നോട്ട് പുറത്തിറക്കുമെന്നുള്ള റിസർവ് ബാങ്കിന്‍റെ പ്രഖ്യാപനം വന്നത്. പുതിയ നോട്ട് പുറത്തിറക്കുമ്പോൾ പഴയ നൂറു രൂപ നോട്ട് പിൻവലിക്കില്ലെന്നാണ് തീരുമാനം. ഇത് എടിഎമ്മിന്‍റെ ഘടനപരമായ ക്രമികരണത്തിന് വെല്ലുവിളിയാകും.
ചുരുക്കത്തിൽ നൂറിന്‍റെ രണ്ടു നോട്ടുകളും ഇരൂനൂറിന്‍റെ നോട്ടും ഉൾക്കൊള്ളുന്ന രീതിയിൽ ക്രമീകരണം നടത്താൻ ചെലവ് ഏറെയാണെന്ന് കോൺഫറേഡേഷൻ ഓഫ് എ ടി എം ഇൻട്രിസ്റ്റീസ് പറയുന്നു. രാജ്യത്തെ രണ്ടര ലക്ഷം എടിഎമ്മുകളാണ് ഇതിനായി പുനക്രമീകരിക്കേണ്ടത്. ഇതിന് ഒരു വർഷം എങ്കിലും വേണ്ടി വരും. മധ്യപ്രദേശിലെ ദേവാസിലെ സെക്യൂരിറ്റി പ്രസിൽ അച്ചടി പുരോഗമിക്കുന്ന നൂറു രൂപ നോട്ടുകൾ സെപ്റ്റംബർ മുതൽ പുറത്തിറക്കാനാണ് റിസർവ് ബാങ്കിന്‍റെ പദ്ധതി.
