തിരുവനന്തപുരം: എടിഎം കവര്‍ച്ചയിലെ മുഖ്യപ്രതി റൊമേനിയന്‍ പൗരന്‍ മരിയൻ ഗബ്രിയേൽ പൊലീസിനോട് കുറ്റം സമ്മതിച്ചു . 50 വ്യാജ കാർഡുകൾ തയ്യാറാക്കിയെന്നും സുഹൃത്തുക്കളാണ് മോഷണത്തിനായി കേരളത്തിലേക്ക് ക്ഷണിച്ചതെന്നും ഇയാള്‍ മൊഴി നല്‍കി. റൊമേനിയയിൽ ടാക്സി ഡ്രൈവറായാണ് ജോലി ചെയ്തിരുന്നതെന്നും ഗബ്രിയേൽ പൊലീസിനോട് പറഞ്ഞു. ചൊവ്വാഴ്ച രാത്രിയാണ് ഇയാള്‍ മുംബൈയില്‍ പിടിയിലായത്.

ഇയാളെ കഴിഞ്ഞ ദിവസമാണ് കേരള പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്. എടിഎം കവര്‍ച്ചയില്‍ രണ്ട് ലക്ഷം രൂപയും ഇയാളില്‍ നിന്നും പൊലീസ് കണ്ടെത്തി. തട്ടിപ്പിന് പിന്നിൽ നാലുപേരെന്ന് പൊലീസ് സ്ഥിരീകരിച്ചു. സ്കിമ്മർമെഷീൻ ഉപയോഗിച്ച് എടിഎം വിവിരങ്ങൾ ചോർത്തുന്ന സാങ്കേതികവിദ്യ ബൾഗേറിയയിൽ നിന്നാണ് ഗബ്രിയേല്‍ പഠിച്ചതെന്നാണ് പൊലീസ് പറയുന്നത്.

തട്ടിപ്പ് സംഘം രാജ്യം വിട്ടുവെന്ന ഇയാളുടെ മൊഴി തട്ടിപ്പാണെന്നാണ് പൊലീസ് പറയുന്നത്. കേരളപൊലീസിലെ ഒരു സംഘം ഇപ്പോഴും മുംബൈയിൽ തങ്ങി അന്വേഷണം തുടരുകയാണ്. മുംബൈയിൽ എടിഎം തട്ടിപ്പുകാർക്ക് പ്രാദേശികമായി എന്റെങ്കിലും സഹായങ്ങൾ കിട്ടിയിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. വിദേശികൾ ഉൾപെട്ട എടിഎം തട്ടിപ്പുകേസുകൾ ഇതിനുമുന്നും മുംബൈയിൽ രജിസ്റ്റർ ചെയ്തിരുന്നു.