Asianet News MalayalamAsianet News Malayalam

എടിഎം കവര്‍ച്ചാസംഘത്തില്‍ ഏഴ് പേരെന്ന് പൊലീസ്; കേരളം വിട്ടത് ധൻബാദ് എക്സ്പ്രസിൽ

കേരളത്തെ നടുക്കിയ എടിഎം കവർച്ചക്കേസ് പ്രത്യേക സ്ക്വാഡ് അന്വേഷിക്കും. മോഷ്ടാക്കള്‍ സംസ്ഥാനം വിട്ടെന്ന സൂചനയില്‍ കേരളത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചു. ചാലക്കുടിയിലെ കവര്‍ച്ചാസംഘത്തില്‍ ഏഴ് പേരെന്ന് പൊലീസ് വ്യക്തമാക്കി. മോഷ്ടാക്കള്‍ വേഷം മാറി പോയതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു.
 

atm robbery police investigation update
Author
Thiruvananthapuram, First Published Oct 13, 2018, 12:34 PM IST

തൃശൂര്‍: എറണാകുളത്തെയും ചാലക്കുടിയിലെയും എടിഎം കവര്‍ച്ച പ്രത്യേക സ്ക്വാഡ് അന്വേഷിക്കും. കവര്‍ച്ചക്കാരെ കണ്ടെത്താന്‍ നാഷണല്‍ ക്രൈം റെക്കാഡ് ബ്യൂറോയുടെ സഹായം തേടി. അടുത്തിടെ പുറത്തിറങ്ങിയ ഇതര സംസ്ഥാന മോഷ്ടാക്കളുടെ വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. കവര്‍ച്ചാ സംഘത്തില്‍ ഏഴ് പേരുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.

സിസിടിവിയില്‍ പതിഞ്ഞ പ്രദേശത്ത് തന്നെയാണ് മണം പിടിച്ച പൊലീസ് നായയും എത്തിയത്. ഈ ഏഴംഗ സംഘം ചാലക്കുടി റെയില്‍വേ സ്‌റ്റേഷന്‍ വഴി രക്ഷപ്പെട്ടുവെന്നാണ് നിഗമനം. ചാലക്കുടിയില്‍ നിന്ന് പാസഞ്ചറില്‍ തൃശിലെത്തിയ ശേഷം അവിടെ നിന്ന് ധന്‍ബാദ് എക്‌സ്പ്രസില്‍ കേരളം വിട്ടെന്നാണ് അനുമാനിക്കുന്നത്‌.

എറണാകുളം ഇരുന്പനത്തെയും കൊരട്ടിയിലെയും എടിഎമ്മുകളില്‍ നിന്നും 35 ലക്ഷം രൂപ കവര്‍ന്ന സംഘം സംസ്ഥാനം വിട്ടതായാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. തൃക്കാക്കര എസിപി, ചാലക്കുടി ഡിവൈഎസ്പി എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം വിവിധ സ്ക്വാഡുകളിലായി തിരിഞ്ഞ് അന്വേഷിക്കും.  കവര്‍ച്ചയ്ക്ക് പിന്നില്‍ ഉത്തരേന്ത്യന്‍, തമിഴ് നാട് സംഘമാണെന്നാണ് നിഗമനം. അന്വേഷണത്തിന്  ദില്ലി, തമിഴ് നാട് പൊലീസിന്‍റെ സഹായം തേടിയിട്ടുണ്ട്. കവര്‍ച്ചക്കാര്‍ ചാലക്കുടിയില്‍ ഉപേക്ഷിച്ച വാഹനം ഫോറന്‍സിക് വിദഗ്ധര്‍ പരിശോധിച്ചു. പ്രതികളുടേതെന്നു കരുതുന്ന വിരലടയാളങ്ങള്‍ ദേശീയ ക്രൈം റെക്കോഡ് ബ്യൂറോയ്ക്ക് കൈമാറി. വാഹനത്തില്‍ ഒന്നിലധികം ഇടങ്ങളില്‍ നിന്നും രക്തക്കറ കണ്ടെത്തി.  

മോഷണ സംഘത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ചാലക്കുടി ഹൈസ്കൂള്‍ ഗ്രൗണ്ടിന് സമീപത്തുനിന്നും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഏഴുപേരാണ് സംഘത്തിലുണ്ടായിരുന്നത്. വാഹന ഉപേക്ഷിച്ച കവര്‍ച്ചക്കാര്‍ ഹൈസ്കൂള്‍ ഗ്രൗണ്ടിന് സമീപത്തുള്ള ഓട്ടോ സ്റ്റാന്‍റിലെത്തിയതായും കണ്ടെത്തി. കവര്‍ച്ചാ സംഘം സഞ്ചരിച്ച പാതകളിലെ മൊബൈല്‍ കോള്‍ വിവരങ്ങളും അന്വേഷണ സംഘം ശേഖരിക്കുന്നുണ്ട്.

അടുത്തിടെ ജയില്‍ മോചിതരായ ഇതര സംസ്ഥാന പ്രൊഫഷണല്‍ മോഷ്ടാക്കളുടെ വിവരങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. പ്രതികള്‍ക്ക് പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടോ എന്ന സംശവും പോലീസിനുണ്ട്. മോഷ്ടിച്ച വാഹനത്തിനൊപ്പം മറ്റൊരു വാഹനവും അകന്പടിയായി ഉണ്ടായിരുന്നതായും പരിശോധിക്കുന്നുണ്ട്.

Follow Us:
Download App:
  • android
  • ios