തിരുവനന്തപുരം: തലസ്ഥാനത്തെ എടിഎമ്മുകളില്‍ വന്‍ തട്ടിപ്പ്. പലരുടേയും അക്കൗണ്ടുകളില്‍നിന്നു പണം പോയി. നിരവധി പേര്‍ പരാതികളുമായി ബാങ്ക് ശാഖകളിലും പൊലീസ് സ്റ്റേഷനിലും എത്തിക്കൊണ്ടിരിക്കുന്നു. എടിഎമ്മില്‍ ഇലക്ട്രോണിക് ഉപകരണം ഘടിപ്പിച്ച രഹസ്യ പിന്‍ നമ്പര്‍ ചോര്‍ത്തിയാണു പണം തട്ടിയത്.

ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അക്കൗണ്ടുകളില്‍നിന്നു പണം പോയത്. പതിനായിരവും അതിനു മുകളിലേക്കുമുള്ള തുകകള്‍ നിരവധി പേരുടെ അക്കൗണ്ടുകളില്‍നിന്നു പിന്‍വലിച്ചതായി പലര്‍ക്കും മെജെസ് ലഭിച്ചു. ഇന്നലെ അവധിയായതിനാല്‍ ഇന്നു രാവിലെ മുതല്‍ ഇവരെല്ലാം പരാതികളുമായി ബാങ്ക് ശാഖകളിലേക്ക് എത്തുകയാണ്.

എടിഎം ഉപയോഗത്തിനുള്ള രഹസ്യ പിന്‍ നമ്പറും എടിഎം കാര്‍ഡ് വിവരങ്ങളും തട്ടിയെടുത്താണു കവര്‍ച്ച നടത്തിയിരിക്കുന്നതെന്നാണു പ്രാഥമിക വിവരം. പൊലീസ് ഇതേക്കുറിച്ച് അന്വേഷിക്കുകയാണ്. മുംബൈയില്‍നിന്നു പണം പിന്‍വലിക്കപ്പെട്ടതായാണു പലര്‍ക്കും ലഭിച്ചിരിക്കുന്ന മെസെജില്‍ പറയുന്നത്. നഗരത്തില്‍ ആല്‍ത്തറ ജംഗ്ഷന്‍, കവടിയാര്‍, വട്ടിയൂര്‍ക്കാവ് എന്നിവിടങ്ങളിലെ എസ്ബിഐ, എസ്ബിടി എടിമ്മുകളില്‍നിന്നാണു പണം പോയത്. ഈ എടിഎമ്മുകളെല്ലാം ബാങ്ക് ശാഖയോടു ചേര്‍ന്നുള്ളതാണെന്നും പണം പോയവര്‍ പറയുന്നു.

50 ഓളം പേര്‍ ഇതിനോടകം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. മ്യൂസിയം, വട്ടിയൂര്‍ക്കാവ്, പേരൂര്‍ക്കട സ്റ്റേഷന്‍ പരിധിയിലാണു പരാതിക്കാര്‍ ഏറെയും. ലക്ഷക്കണക്കിനു രൂപ അപഹരിക്കപ്പെട്ടിട്ടുണ്ടെന്നാണു സൂചന.

പൊലീസ് ഊര്‍ജിത അന്വേഷണം തുടങ്ങി. ചില എടിഎമ്മുകളില്‍നിന്ന് ഇലക്ട്രോണിക് ഉപകരണം കണ്ടെത്തിയിട്ടുണ്ട്. ഇതിനെക്കുറിച്ച് വിശദമായി അന്വേഷിച്ചുവരികയാണ്.