കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി സുനില്‍കുമാറിനെ കുടുംബാംഗങ്ങള്‍ ജയിലിലെത്തി കണ്ടു. കേസുമായി ബന്ധപ്പെട്ട് പുറത്തുവന്ന കത്ത് താന്‍ പറഞ്ഞിട്ട് എഴുതിയതാണെന്ന് സുനില്‍ അറിയിച്ചതായി സഹോദരി പറഞ്ഞു. കേസില്‍ ഗൂഢാലോചന സംബന്ധിച്ച കാര്യങ്ങള്‍ വെളിപ്പെടുത്തിയാല്‍ കുരുക്കാകുമോ എന്ന് സുനില്‍ സംശയം പ്രകടിപ്പിച്ചതായി അമ്മയും സഹോദരിയും വ്യക്തമാക്കി.

നടിയെ ആക്രമിച്ച കേസ് വഴിതിരിവില്‍ എത്തി നില്‍ക്കെയാണ് കേസിലെ മുഖ്യപ്രതി സുനിലിനെ കാണാന്‍ അമ്മയും സഹോദരിയും കാക്കനാട് ജില്ലാ ജയിലിലെത്തിയത്. കേസിലെ ഗൂഢാലോചന സംബന്ധിച്ച് ചില വിവരങ്ങളുള്ള കത്തിനെ കുറിച്ച് ചോദിച്ചപ്പോള്‍ കത്ത് താനെഴുതിയതല്ലെങ്കിലും എന്നാല്‍ തന്റെ അറിവോടെ എഴുതിയതാണെന്ന് സുനില്‍ സമ്മതിച്ചതായി സഹോദരി പറഞ്ഞു.

ജയിലിനകത്ത് ഫോണ്‍ എത്തിച്ചത് തന്റെ അറിവോടെയല്ലെന്നും സുനില്‍ പറഞ്ഞതായും ആര്‍ക്കെങ്കിലും സംഭവത്തില്‍ പങ്കുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഇനി അതേക്കുറിച്ച് ഒന്നും പറയുന്നില്ലെന്നായിരുന്നു സുനി പറഞ്ഞതെന്നും സഹോദരി പറഞ്ഞു. കഴിഞ്ഞ ദിവസം സഹോദരിയെ ഫോണില്‍ വിളിച്ച് പാപ്പിയോണ്‍ എന്ന പുസ്തകം വേണമെന്ന് സുനില്‍ ആവശ്യപ്പെട്ടിരുന്നു. ഒന്‍പത് തവണ ജയില്‍ ചാടി പിടിക്കപ്പെടുകയും പത്താം ശ്രമത്തില്‍ രക്ഷപ്പെടുകയും ചെയ്ത ഹെന്‍ട്രി ഷാലിയര്‍ ഫ്രഞ്ച് തടവുകാരന്റെ അത്മകഥയാണ് പാപ്പിയോണ്‍.