കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയ പള്‍സര്‍ സുനിയെത്തേടിയുള്ള പോലീസ് പരിശോധനയ്ക്കിടെ ആലുവയില്‍ രണ്ട് പേര്‍ കാര്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. കുപ്രസിദ്ധ ഗുണ്ട ആലുവ സ്വദേശി ശ്രീഹരിയാണ് കാറിലുണ്ടായിരുന്നതെന്ന് പോലീസ് കണ്ടെത്തി. ശ്രീഹരിയ്ക്ക് ഒപ്പമുണ്ടായിരുന്നയാള്‍ക്ക് പള്‍സര്‍ സുനിയോട് സാദൃശ്യം ഉണ്ടെന്ന് ദൃക്‌സാക്ഷികള്‍ മൊഴി നല്‍കി.
പള്‍സര്‍ സുനി എറണാകുളത്തെ ഏതെങ്കിലും കോടതിയിയില്‍ കീഴടങ്ങിയേക്കുമെന്ന സൂചനയെത്തുടര്‍ന്ന് ജില്ലയിലെങ്ങും കര്‍ശന പരിശോധനയാണ് പോലീസ് നടത്തിയിരുന്നത്. ഇതിനിടയിലാണ് ആലുവ നഗരത്തില്‍ പോലീസ് പരിശോധന കണ്ട് രണ്ട് പേര്‍ കാര്‍ ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടത്. പോലീസിനെ കണ്ട് കാര്‍ തൊട്ടടുത്ത് ഷോപ്പിംഗ് കോംപ്ലക്‌സിലേക്ക് ഓടിച്ച് കയറ്റി ശേഷം കൂറ്റന്‍ മതില്‍ ചാടിക്കടന്ന് ഇവര്‍ രക്ഷപ്പെടുകയായിരുന്നു.
പോലീസ് നടത്തിയ അന്വേഷണത്തില്‍ കാറിലുണ്ടായിരുന്ന ഒരാള്‍ ആലുവ ദേശം സ്വദേശി ശ്രീഹരിയാണെന്ന് വ്യക്തമായി. നെടുന്പാശ്ശേരി പൊലീസ് സ്‌റ്റേഷനില്‍ ഇയാള്‍ക്കെതിരെ അഞ്ചോളം ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. ശ്രീഹരിക്ക് ഒപ്പമുണ്ടായിരുന്നയാള്‍ക്ക് പള്‍സര്‍ സുനിയോട് സാദൃശ്യം ഉണ്ടെന്ന് ഷോപ്പിംഗ് കോംപ്ലക്‌സിലെ സുരക്ഷ ഉദ്യോഗസ്ഥര്‍ പൊലീസിന് മൊഴി നല്‍കി.
തുടര്‍ന്ന് നെടുമ്പാശ്ശേരി പോലീസ്‌ലീസ് ശ്രീഹരിയുടെ വീട്ടില്‍ പരിശോധന നടത്തിയെങ്കിലും ഇയാളെ പിടികൂടാനായില്ല. ശ്രീഹരിയുടെ സുഹൃത്തിന്റെ കാറിലാണ് ഇവര്‍ സഞ്ചരിച്ചിരുന്നത്. ഇയാളെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.
