ദില്ലി: ദില്ലിയില്‍ ആഫ്രിക്കന്‍ വംശജര്‍ക്കെതിരായി വര്‍ദ്ധിച്ചു വരുന്ന അക്രമങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ ആഫ്രിക്കന്‍ രാജ്യങ്ങളുടെ വിദേശകാര്യപ്രതിനിധികളുടെ യോഗം വിളിച്ചു. ദില്ലിയിലെ ആഫ്രിക്കന്‍ രാജ്യങ്ങളുടെ വിദേശകാര്യപ്രതിനിധികള്‍ ആഫ്രിക്കന്‍ വംശജര്‍ക്കെതിരായ വംശീയാക്രമണങ്ങളിലുള്ള പ്രതിഷേധം വിദേശകാര്യമന്ത്രാലയത്തെ നേരിട്ട് അറിയിച്ചതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ നാളെ യോഗം വിളിച്ചിരിയ്‌ക്കുന്നത്.വിദേശകാര്യസഹമന്ത്രി വി കെ സിംഗിന്റെ അദ്ധ്യക്ഷതയിലാണ് നാളെ യോഗം നടക്കുക.

ഇതിനിടെ ദില്ലിയിലെ മെഹ്‍റോളിയില്‍ ആഫ്രിക്കന്‍ വംശജര്‍ ടാക്‌സി ഡ്രൈവറെ മര്‍ദ്ദിച്ചതായും ആരോപണമുണ്ട്. ഇതിനിടെ ദില്ലിയില്‍ കൊല്ലപ്പെട്ട മസാണ്ട ഒളിവിയറുടെ മൃതദേഹം നാട്ടിലെത്തിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുന്നതിന്റെ ഭാഗമായി കോംഗോ അംബാസഡറോടൊത്ത് ഒളിവിയറുടെ കുടുംബം വിദേശകാര്യ മന്ത്രാലയത്തിലെത്തി. ഇന്ത്യയില്‍ ആഫ്രിക്കന്‍ വംശജരുടെ സുരക്ഷയില്‍ ആശങ്കയുണ്ടെന്ന് ഒളിവിയറുടെ സഹോദരന്‍ പറഞ്ഞു.

അക്രമങ്ങള്‍ക്ക് ഉത്തരവാദി ആരായാലും നടപടിയെടുക്കുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു വ്യക്തമാക്കി. ആഫ്രിക്കന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദില്ലിയില്‍ മാര്‍ച്ച് നടത്താനുള്ള അനുമതി ദില്ലി പൊലീസ് നിഷേധിച്ചതിനെ തുടര്‍ന്ന് ആഫ്രിക്കന്‍ വംശജര്‍ ദില്ലി ജന്ദര്‍മന്ദറില്‍ പ്രതിഷേധിച്ചു. ദില്ലിയിലെ മെഹ്റോളിയില്‍ ടാക്‌സി ഡ്രൈവറെ ഒരു സംഘം ആഫ്രിക്കന്‍ വംശജര്‍ മര്‍ദ്ദിച്ചെന്ന പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.