തിരുവനന്തപുരം: തിരുവനന്തപുരം അമ്പൂരയിലെ സിഎസ്ഐ പള്ളി വക കെട്ടിടത്തിനു നേരെ ആക്രമണം. കരോൾ സംഘത്തിനു നേരെ നടന്ന അതിക്രമത്തിൽ പരാതിപ്പെട്ടതിനെ തുടർന്നാണ് പള്ളിവക കെട്ടിടം അടിച്ചു തകർത്തത്. സംഭവത്തിൽ നെയ്യാർ ഡാം പൊലീസ് അന്വേഷണമാരംഭിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ച കരോൾ കഴിഞ്ഞു മടങ്ങുകയായിരുന്ന സംഘത്തിനു നേരെ ആക്രമണമുണ്ടായിരുന്നു. കരോൾ സംഘത്തിന്റെ കയ്യിൽ നിന്നും അക്രമികൾ 3000 രൂപ തട്ടിയെെടുത്തിരുന്നു. ഇതിൽ പരാതിപ്പെട്ടതിനെ തുടർന്നാണ് പള്ളിവക കെട്ടിടത്തിനു നേരെ നടന്ന ആക്രമം. കെട്ടിടത്തിന്റ വാതിലുകൾ തകർത്തു. അകത്തുണ്ടായിരുന്ന ഫർണിച്ചറുകളും നശിപ്പിച്ചു. മൈക്ക് സെറ്റുകൾക്കും കേടുപാടുവരുത്തി. ഫോറൻസിക് വിദഗ്ദർ സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ നെയ്യാർ ഡാം പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
